ഭിന്നശേഷിക്കാര്‍ക്കായി നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

കട്ടപ്പന : ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൈ പിടിച്ചു കൊണ്ട് വരികയെന്ന ലക്ഷ്യമാണ് പൂര്‍ത്തീകരിച്ചു വരുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കട്ടപ്പന നഗരസഭ ഓഡിറ്റോറിയത്തില്‍ നടന്ന ലോക ഭിന്നശേഷി ദിനാചാരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവരെ സഹായിക്കാന്‍ ഉതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ പൊതു വിഷയമായി കണക്കാക്കി ചര്‍ച്ച ചെയ്യപ്പെടണമെന്നും മന്ത്രി പറഞ്ഞു. അവരുടെ വിഷയങ്ങള്‍ ലഘുകരിക്കാന്‍ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇനിയും അക്കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കും. ഇവരുടെ വീടുകളില്‍ സൗജന്യമായി ജലം വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദിനാചരണത്തിൽ കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ റോമി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.സമഗ്രശിക്ഷ ഇടുക്കിയുടെയും കട്ടപ്പന ബിആര്‍സിയുടെയും സംയുക്ത നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചാരണവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് നടത്തി വരുന്നത്. ഇതോടനുബന്ധിച്ച് നടത്തിയ കലാപരിപാടികളുടെ സമ്മാന വിതരണവും ഇവരുടെ കലാസൃഷ്ടികളുടെ
കൈപുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. സമഗ്ര ശിക്ഷ ജില്ലാ കോര്‍ഡിനേറ്റര്‍ യാസര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷാജി കൂത്താടി, എസ് കെ ശിവന്‍കുട്ടി , സനല്‍കുമാര്‍, എൻ വി ഗിരിജ കുമാരി, ഡോ. പയസ്, ബി.ആര്‍.സി- സമഗ്ര ശിക്ഷ കേരള ഉദ്യോഗസ്ഥര്‍,രക്ഷിതാക്കള്‍ എന്നിവർ പങ്കെടുത്തു.