കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസന പദ്ധതികള്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി റോഷി അഗസ്റ്റിന്‍
കുടയത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി വിഭാവനം ചെയ്ത പദ്ധതികള്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കുടയത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ മുന്‍ഗണനാ ക്രമത്തില്‍ നടപ്പാക്കുവാനുള്ള വികസന പദ്ധതികളുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടയത്തൂര്‍ പഞ്ചായത്തിലെ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി, കായിക വിനോദങ്ങള്‍ക്കായി എം.വി.ഐ.പി. വക സ്ഥലം ഏറ്റെടുക്കല്‍, പഞ്ചായത്തില്‍ ഭൂമിയും വീടും ഇല്ലാത്തവര്‍ക്കായി ഫ്ളാറ്റ് നിര്‍മ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കല്‍, കാലവര്‍ഷ കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍ നിര്‍മ്മാണം, മലങ്കര ജലാശയത്തിലെ ടൂറിസം പദ്ധതികള്‍, കാഞ്ഞാര്‍ പാലത്തിന് നടപ്പാലം നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ യോഗത്തില്‍ വിലയിരുത്തി.
മലങ്കര ജലാശയത്തില്‍ ബോട്ടിങ്, കാഞ്ഞാറില്‍ നിന്നും ആരംഭിച്ച് കോളപ്രയില്‍ എത്തുന്ന ഫ്ളോട്ടിംഗ് റെസ്റ്റോറന്റ്, ഇലവീഴാ പൂഞ്ചിറ, മാരിയില്‍കുത്ത്, വയനക്കാവിന് സമീപം പച്ചതുരുത്തുകള്‍ സ്ഥാപിച്ച് സായാഹ്നങ്ങളില്‍ വിശ്രമിക്കുവാനുള്ള ഇടം ഒരുക്കല്‍ എന്നിവയെല്ലാം ഉള്‍കൊള്ളുന്ന വിശദമായ പ്രൊജക്റ്റ് മന്ത്രിമാരായ റോഷി അഗസ്റ്റിനും മുഹമ്മദ് റിയാസിനും നല്‍കിയിരുന്നു. ഇതിന്റെ വിശകലനവും യോഗത്തില്‍ നടത്തി.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. കെ.എന്‍. ഷിയാസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അഞ്ജലീന സിജോ, പഞ്ചായത്തംഗങ്ങളായ സി.എസ്. ശ്രീജിത്ത്, എന്‍.ജെ. ജോസഫ്, സുജ ചന്ദ്രശേഖരന്‍, ബിന്ദു സിബി, ഷീബ ചന്ദ്രശേഖരപിള്ള, ബിന്ദു സുധാകരന്‍, ആശ റോജി, ലതാ ജോസ്, സംസ്ഥാന ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ അലക്സ് വര്‍ഗീസ്, വിവിധ വകുപ്പ് മേധാവികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.