കട്ടപ്പന താലൂക്ക് ആശുപത്രി സങ്കീർണ്ണ ശസ്ത്രക്രിയകൾക്കും സജ്‌ജം
കട്ടപ്പന: ഇരുപതേക്കർ താലൂക്ക് ആശുപത്രി സങ്കീർണ്ണ ശസ്ത്രക്രിയകൾക്കും സജ്ജമായി. അസ്ഥിയുമായി ബന്ധപ്പെട്ടശസ്തക്രിയകൾക്ക് പുറമേ ഇ എൻ ടി ശസ്ത്രക്രിയകളുമാണ് ആശുപത്രിയിൽ ആരംഭിച്ചിരിക്കുന്നത്.
കൂട്ടാർ സ്വദേശി ചേന്നാട്ട് രാഹുൽ സജിയുടെ മൂക്കിന്റെ പാലത്തിന് നടത്തിയ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി. എൻഡോസ്കോപ്പി വഴിയായിരുന്നു ശസ്ത്ര ക്രിയ. ആദ്യമായിട്ടാണ് താലൂക്ക് ആശുപത്രിയിൽ ഇ എൻ റ്റി ശസ്ത്രക്രിയ നടത്തുന്നത്.സ്വകാര്യ ആശുപത്രിയിൽ അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഇത്തരം സങ്കീർണ്ണ ഓപ്പറേഷനുകൾക്ക് ഈടാക്കുമ്പോൾ ആരോഗ്യ ഇൻഷൂറൻസ് വഴി സൗജന്യമായിട്ടാണ് താലൂക്ക് ആശുപത്രിയിൽ ശസ്തക്രിയ നടത്തുന്നത്.മാസങ്ങൾക്ക് മുൻപ് ഇടുപ്പെല്ല് മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞിരുന്നു.പത്ത് ലക്ഷം രൂപയുടെ എൻഡോസ്കോപ്പി ഉപകരണം വഴി സൈനസൈറ്റിസ്, മൂക്കിൽ ദശ വളരുന്നത് , രക്തസ്രാവം എന്നിവയ്ക്കാണ് ശസ്ത്രക്രിയ. ആരോഗ്യ ഇൻഷൂറൻസ് ഇല്ലാത്ത രോഗികൾക്ക് അയ്യായിരം രൂപയിൽ താഴെയാണ് ചിലവ് വരിക. ഒരാഴ്ച്ചയ്ക്കകം മൈക്രോസ്കോപ്പിക്ക് ശസ്ത്രക്രിയകളും ആരംഭിക്കുമെന്ന് ഇ എൻ റ്റി വിദഗ്ധൻ ഡോ. എബിൻ ഏബ്രഹാം, ആശുപത്രി സൂപ്രണ്ട് കെ. ബി ശ്രീകാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ജോസഫ് എന്നിവർ പറഞ്ഞു.