മുല്ലപ്പെരിയാറിൽ ഷട്ടർ തുറന്നത് മുന്നറിയിപ്പ് നൽകാതെയെന്ന് ഡീൻ കുര്യാക്കോസ് എം പി

.
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഷട്ടറുകള്‍ തുറന്നപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്.അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതിന് പിന്നാലെ സ്പില്‍വേയിലെ ഒന്‍പത് ഷട്ടറുകളാണ് തുറന്നത്. അഞ്ച് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ബാക്കി നാലെണ്ണം 30 സെന്റീമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്.
മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു. മൂന്നടിയോളമാണ് നദിയിലെ ജലനിരപ്പ് ഉയര്‍ന്നത്. പെരിയാര്‍ തീരത്തെ വീടുകളിലടക്കം വെള്ളം കയറി. മഞ്ചുമല ആറ്റോരം ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്.
പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 3.55 നാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തിയത്.