പ്രധാന വാര്‍ത്തകള്‍
ശബരിമല തീർത്ഥാടകരുടെ അറിവിലേക്ക് ;നിലവിൽ വെർച്വൽ ക്യൂവിലൂടെ മാത്രമാണ് ദർശനം
- മലകയറ്റവും ഇറക്കവും സ്വാമി അയ്യപ്പന്‍ റോഡുവഴി മാത്രം, വിരിവെക്കാനാകില്ല
- നിലവിൽ വെർച്വൽ ക്യൂവിലൂടെ മാത്രമാണ് ദർശനം അനുവദിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കൈയിൽ കരുതണം. ആധാർ കാർഡും ഉണ്ടാകണം. പ്രതിദിനം 30,000 പേർക്കാണ് ദർശനത്തിന് അനുമതി. പത്തുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ദർശനത്തിന് അനുമതിയുണ്ട്. ഇവരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.
- ഹെൽപ്പ്ലൈൻ: 7025800100. www.sabarimalaonline.org
- സ്പോട്ട് ബുക്കിങ്
- വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാതെ വരുന്നവർക്ക് സ്പോട്ട് ബുക്കിങ്ങിന് അവസരം നിലയ്ക്കലിൽ ഉണ്ട്. ഇതുപക്ഷേ, പരിമിതമാകും. വെർച്വൽ ക്യൂവിൽ സ്പോട്ട് ബുക്കിങ് നടത്തുന്നതിനായി അഞ്ച് പ്രത്യേക കൗണ്ടറുകൾ നിലയ്ക്കലിൽ ഉണ്ടാകും. നേരത്തേ ബുക്ക് ചെയ്ത് കൃത്യസമയത്ത് എത്താത്തവരുടെ എണ്ണം കണക്കാക്കിയാണ് സ്പോട്ട് ബുക്കിങ് നടത്തുക. സ്പോട്ട് ബുക്കിങ് ആവശ്യമുള്ളവർ അല്പനേരം നിലയ്ക്കലിൽ കാത്തുനിൽക്കേണ്ടി വരും. വെർച്വൽ ക്യൂ രേഖകൾ പരിശോധിക്കുന്ന 10 കൗണ്ടറുകളും ഇവിടെയുണ്ടാകും. പമ്പ ഗണപതി കോവിലിന് സമീപത്ത് വെർച്വൽ ക്യൂ രേഖകൾ പോലീസ് പരിശോധിക്കും. (മോശം കാലാവസ്ഥ പരിഗണിച്ച് താത്കാലികമായി സ്പോട്ട് ബുക്കിങ് നിർത്തി വെച്ചിട്ടുണ്ട്.)
- സ്വകാര്യവാഹനത്തിൽ വന്നാൽ
- നിലയ്ക്കൽ ബേസ് ക്യാമ്പിലാണ് എല്ലാ വാഹനങ്ങൾക്കും പാർക്കിങ്. ചെറിയ വാഹനങ്ങൾക്ക് മാത്രം പമ്പയിലേക്ക് അനുമതിയുണ്ടെങ്കിലും തീർഥാടകരെ ഇറക്കി, തിരികെ നിലയ്ക്കലിലെത്തി പാർക്ക് ചെയ്യണം. വലിയ വാഹനങ്ങൾക്ക് പമ്പയിലേക്ക് പോകാൻ അനുമതിയില്ല. ഈ വാഹനങ്ങളിലെത്തുന്നവർ കെ.എസ്.ആർ.ടി.സി.യുടെ നിലയ്ക്കൽ-പമ്പ ചെയിൻ സർവീസ് ഉപയോഗിക്കണം.
- മലകയറ്റം, ഇറക്കം
- മലകയറ്റവും ഇറക്കവും സ്വാമി അയ്യപ്പൻ റോഡുവഴി മാത്രമാണ്. പരമ്പരാഗത പാതയായ നീലിമലപ്പാത വഴിയും കാനനനപാത വഴിയും യാത്രാനുമതി ഇല്ല.
- നെയ്യഭിഷേകം
- നെയ്യഭിഷേകം പരമ്പരാഗതരീതിയിൽ നടക്കില്ല. തീർഥാടകർ കൊണ്ടുവരുന്ന നെയ്യ് ശ്രീകോവിലിന് പിറകുവശത്തെ പ്രത്യേക കൗണ്ടറിൽ ഏറ്റുവാങ്ങും. ശ്രീകോവിലിൽ അഭിഷേകം ചെയ്ത് മാളികപ്പുറത്തെ പ്രത്യേക കൗണ്ടറിലൂടെ നൽകും. അപ്പം, അരവണ എന്നിവ സന്നിധാനത്തെ കൗണ്ടറിൽനിന്ന് വാങ്ങാം. ഉദയാസ്തമയപൂജ, പടിപൂജ എന്നിവയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം.
- കുടിവെള്ളം
- പ്ലാസ്റ്റിക്കിന് വിലക്കുള്ളതിനാൽ സന്നിധാനത്ത് വെള്ളവുമായി പോകാൻ സ്റ്റീൽകുപ്പി നൽകും. 100 രൂപ കരുതൽധനമായി നൽകണം. മടങ്ങിവന്ന് കുപ്പി നൽകുമ്പോൾ ഈ പണം മടക്കി നൽകും.എല്ലാ കുപ്പികളും അണുമുക്തമാക്കാനും സൗകര്യമുണ്ട്. നിലയ്ക്കൽ നടപ്പന്തൽ, പമ്പ, മരക്കൂട്ടം,വലിയ നടപ്പന്തൽ എന്നിവിടങ്ങളിൽ ചുക്കുവെള്ളം ഉണ്ടാകും.
- വിരിവെക്കാൻ അനുവാദമില്ല
- കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സന്നിധാനത്തും പമ്പയിലും തങ്ങുന്നതിന് അനുമതിയില്ല. മലകയറുന്ന ഭക്തർ ദർശനം നടത്തി വൈകീട്ടോടെ തന്നെ മലയിറങ്ങണം. ഗസ്റ്റ് ഹൗസുകളിലും മറ്റും മുറി ബുക്കിങ്ങും ഉണ്ടാകില്ല. പമ്പയിലും സന്നിധാനത്തും വിരി വെക്കുന്ന സാഹചര്യം ഒഴിവാക്കി യാത്ര ക്രമീകരിക്കണം.
- അന്നദാനം
- നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ദേവസ്വം ബോർഡിന്റെ അന്നദാനം ഉണ്ടാകും. അയ്യപ്പസേവാസംഘത്തിന്റെ അന്നദാനം പമ്പയിലും സന്നിധാനത്തുമാണ് ക്രമീകരിച്ചിട്ടുള്ളത്. അയ്യപ്പസേവാസംഘം സന്നിധാനം, പമ്പ, നിലയ്കൽ, എരുമേലി, മരക്കൂട്ടം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ക്യാമ്പ് തുറക്കും.