ഇന്നോ നാളെയോ ഇടുക്കി ഡാം തുറന്നേക്കും: പെരിയാർ തീരത്ത് ജാഗ്രത
ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും. ഇന്ന് വൈകീട്ട് 4 മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാനാണ് കെഎസ്ഇബിയുടെ ആലോചന. 2398.46 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായിട്ടുണ്ട്. നിലവിലെ റൂൾ കർവ് അനുസരിച്ച് 2399.03 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അപ്പർ റൂൾ പരിധിയായ 2400.03 അടിയിലേക്ക് ജലനിരപ്പ് അടുത്താൽ മാത്രം തുറക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. തുറക്കേണ്ടി വന്നാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി സെക്കന്റിൽ ഒരു ലക്ഷം ലീറ്ററോളം വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.25 അടിയിലെത്തി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം.