ലാബ്ടെക്നീഷ്യൻമാരില്ല; ഇടുക്കിയിലെ ആർടിപിസിആർ ലാബ് പൂട്ടി
സർക്കാർ ആശുപത്രികളിൽ ആർടിപിസിആർ പരിശോധനയില്ലാതെ ഇടുക്കി ജില്ല. ലാബ് ടെക്നീഷ്യൻമാരില്ലാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന ജില്ലയിലെ ഏക ആർടിപിസിആർ ലാബ് പൂട്ടി. കോട്ടയം മെഡിക്കൽ കോളജിലയച്ചാണ് ഇപ്പോൾ പരിശോധന നടത്തുന്നത്.
കോവിഡ് വ്യാപനം പരിധി വിട്ടതോടെയാണ് ഇടുക്കി അടക്കം എല്ലാ ജില്ലകളിലും സർക്കാർ പരിശോധനാ സംവിധാനമൊരുക്കിയത്. ലക്ഷങ്ങൾ മുടക്കി പുതിയ യന്ത്ര സംവിധാനങ്ങളും വാങ്ങി വച്ചു. കോവിഡ് ബ്രിഗേഡെന്ന പേരിൽ നിയമിച്ച താൽക്കാലിക ജീവനക്കാരായിരുന്നു ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയുടെ നെടുംതൂൺ.
പക്ഷേ കഴിഞ്ഞ മാസം സർക്കാർ 1 14 താൽക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ലാബ് ടെക്നീഷ്യമാർ പോയതോടെ ലാബ് പൂട്ടി. RTPCR പരിശോധന പരമാവധി കുറച്ചു. അടിയന്തിര ഘട്ടത്തിൽ ശേഖരിക്കുന്ന സാംപിളുകൾ കോട്ടയത്തേക്ക് അയക്കും. ഫലത്തിൽ സർക്കാർ സംവിധാനത്തിൽ പരിശോധിക്കണമെങ്കിൽ സാംപിളുമായി ഒരു വണ്ടി 250 കിലോമീറ്റർ ഓടണം.
തിങ്കളാഴ്ച ചേർന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി യോഗം ഏഴ് ലാബ് ടെക്‌നീഷ്യൻമാരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതും ആശുപത്രിയുടെ സ്വന്തം ചെലവിൽ .