മുല്ലപ്പെരിയാര്‍;കേരളത്തിനെതിരെ വിദ്വേഷ പ്രചരണം; ഭീതിയോടെ അതിര്‍ത്തി മേഖലയിലെ മലയാളികള്‍
കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന തമിഴ്‌നാട് മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ അതിര്‍ത്തി മേഖലയില്‍ തമിഴ്‌നാട്- കേരള പോര് മുറുകുന്നു. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയ തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് വിവാദ പ്രസ്താവന നടത്തിയത്. ഇതിനു പിന്നാലെ അണക്കെട്ടിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി നല്‍കിയതും കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിവാദത്തിനു കാരണമായിരിക്കുകയാണ്.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ രാഷ്ട്രീയമായി കാണുന്ന തമിഴ്‌നാട് സര്‍ക്കാരും പ്രതിപക്ഷവും നിലവില്‍ വിഷയത്തില്‍ തുറന്ന പോരിലേക്ക് നീങ്ങിയിട്ടുണ്ട്.
ഇതോട് ചേര്‍ന്ന് കര്‍ഷക സംഘടനകളും സംഘടിച്ചതോടെ തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ കമ്പം, ഗൂഡല്ലൂര്‍, തേനി എന്നിവിടങ്ങളിലും കേരളത്തിലെ കുമളി, വണ്ടിപ്പെരിയാര്‍, അണക്കര, പ്രദേശങ്ങളിലും വിഭാഗീയ പ്രചരണം ആരംഭിച്ചിരിക്കുകയാണ്.
മുമ്പ് മുല്ലപ്പെരിയാര്‍ വിഷയം വൈകാരികമായി ഉയര്‍ന്നപ്പോള്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി മലയാളികള്‍ ആക്രമിക്കപ്പെട്ടിരുന്നു. കമ്പം, തേനി, മധുര, ദിണ്ടുഗല്‍, സിവഗംഗ, രാമനാഥപുരം ജില്ലകളിലെ മലയാളികളുടെ വസ്തുവകകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. കമ്പം നഗരത്തില്‍ മലയാളികളുടെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ വലിയ ആക്രമണം ഉണ്ടായി. മലയാളികളുടെ തോട്ടങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഇക്കാലയളവില്‍ മലയാളികള്‍ക്ക് നേരിടേണ്ടി വന്നത്.
നിലവിലെ വിദ്വേഷ പ്രചരണം സമാനമായ സാഹചര്യത്തിലേക്ക് തള്ളിവിടുമോയെന്ന ആശങ്കയാണ് അതിര്‍ത്തി മേഖലയില്‍ വ്യാപിക്കുന്നത്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസത്തിനായി പോയിരിക്കുന്ന നിരവധി വിദ്യാര്‍ഥികളും ഈ ആശങ്ക പങ്കുവക്കുന്നുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും സ്പില്‍വെ ഷട്ടറിലൂടെ വെള്ളം പെരിയാറിലേക്ക് ഒഴുക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ജലം വെറുതെ ഒഴുക്കി കളയുകയാണെന്ന് ആരോപിച്ച് എ.ഐ.ഡി.എം.കെ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ രംഗത്തെത്തി.
മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ അവകാശം വിട്ടുകൊടുക്കരുതെന്നാണ് നേതാവ് ഒ. പനീര്‍സെല്‍വം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് കമ്പം, തേനി, ശിവഗംഗ, ദിണ്ടുഗല്‍, രാമനാഥ പുരം ജില്ലകളില്‍ എ.ഐ.ഡി.എം.കെ പ്രതിഷേധ സമരങ്ങള്‍ നടത്തി. ആയിരങ്ങളാണ് ഈ സമരങ്ങളില്‍ പങ്കെടുത്തത്. കേരള വിരുദ്ധ മുദ്രാവാക്യങ്ങളായിരുന്നു സമരങ്ങളില്‍ മുഴങ്ങിക്കേട്ടത്.
ഇതിനിടെ ഇടുക്കിയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ പ്രമുഖ കര്‍ഷക സംഘടനയായ കൂടല്ലൂര്‍ മുല്ലയ്ച്ചറല്‍ കര്‍ഷക സംഘം ഉള്‍പ്പെടെയുള്ളവരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. തമിഴ് സര്‍ക്കാരിനെതിരെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വികാരം ആളിക്കത്തിക്കാനാണ് അവിടെ പ്രതിപക്ഷവും ഇതര സംഘടനകളും ശ്രമിക്കുന്നത്. അതേസമയം ഇത്തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നത് തമിഴ്‌നാട്ടിലെ അതിര്‍ത്തി മേഖലയില്‍ ഉപജീവനം നടത്തുന്ന നൂറുകണക്കിനു മലയാളികള്‍ക്ക് ഭീതിയാകുകയാണ്. ഏത് നിമിഷവും അതിര്‍ത്തി പ്രദേശത്ത് തമിഴ്- മലയാളം പോര് രൂക്ഷമാകാനുള്ള സാധ്യതയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ മുന്‍കൂട്ടി കാണുന്നുണ്ട്. മുമ്പ് ചപ്പാത്ത്, വണ്ടിപ്പെരിയാര്‍ പ്രദേശത്ത് മുല്ലപ്പെരിയാര്‍ സമരം നടക്കുമ്പോള്‍ ഗൂഡല്ലൂരില്‍ നിന്നും കേരളത്തെ ആക്രമിക്കാന്‍ ആയിരക്കണക്കിനു പേര്‍ കാല്‍നടയായി പുറപ്പെട്ടിട്ടുണ്ട്. തക്ക സമയത്ത് ജില്ലാ ഭരണകൂടങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവരെ നിയന്ത്രിക്കാനായത്. സമാന സംഭവങ്ങള്‍ ഉണ്ടാകുമോയെന്ന ഭയമാണ് ഇപ്പോള്‍ ഉയരുന്നത്.