കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2022 നോടു അനുബന്ധിച്ച് കരട് വോട്ടര്‍ പട്ടിക ജില്ലയില്‍ നവംബര്‍ 8 ന് പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടികയുടെ കോപ്പികള്‍ എല്ലാ താലൂക്ക് ഇലക്ഷന്‍ വിഭാഗങ്ങളിലും വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലും ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പരിശോധിക്കാം.
കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന പരാതികള്‍ നവംബര്‍ 8 മുതല്‍ 30 വരെ സ്വീകരിക്കുന്നതിന് ജില്ലാ, താലൂക്ക് ഇലക്ഷന്‍ വിഭാഗങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനും പരാതികള്‍ അറിയിക്കുന്നതിനും ജില്ലാ ഇലക്ഷന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ‘1950’ എന്ന ടോള്‍ഫ്രീ നമ്പരിലേക്ക് വിളിച്ച് സേവനം പ്രയോജനപ്പെടുത്താം.
2022 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഇലക്ഷന്‍ കമ്മീഷന്‍ നവംബര്‍ 30 വരെ അവസരം നല്‍കിയിട്ടുണ്ട്. ഇതിനായി www.nvsp.in, www.voterportal.eci.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയോ, നെറ്റ് കണക്ഷനുളള ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ രജിസ്റ്റര്‍ ചെയ്ത് നവംബര്‍ 30 വരെ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷകന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ള ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ്, വിലാസം രേഖപ്പെടുത്തിയ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാസ്‌പോര്‍ഴട്ടിന്റെ പകര്‍പ്പ് തുടങ്ങിയ രേഖകള്‍ ഉപയോഗിക്കാം. എല്ലാ പുതിയ വോട്ടര്‍മാരും ഈ അവസരം പരമാവധി പ്രയോജനപ്പെടത്തണെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. ആക്ഷേപങ്ങളും അപാകതകളും പരിഹരിച്ചതിന് ശേഷം അന്തിമ വോട്ടര്‍ പട്ടിക 2022 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.