മഴ : പാലങ്ങൾക്ക് ബലക്ഷയം, 40 വീടുകൾ അപകടഭീഷണിയിൽ
തൂക്കുപാലം∙ കഴിഞ്ഞ ബുധനാഴ്ച രാത്രിയിലുണ്ടായ അതിശക്തമായ മഴയിൽ ഗ്രാമീണ മേഖലകളിലെ പാലങ്ങൾക്ക് ബലക്ഷയം. രാമക്കൽമേട്ടിലും പാലാറിലുമുണ്ടായ മഴവെള്ളപ്പാച്ചിലുണ്ടായി. മഞ്ചനമെട്ടിലും പാലാറിലും ഉരുൾ പൊട്ടിയിരുന്നു. മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പാലങ്ങൾ ഭാഗികമായി തകർന്നു. 40 വീടുകൾ അപകടഭീഷണിയിലാണ്. ചോറ്റുപാറയിലും തൂക്കുപാലത്തും തോട് കരകവിഞ്ഞ് ഒട്ടേറെ വീടുകളിൽ വെള്ളം കയറി. കല്ലാർ പുഴ കരകവിഞ്ഞ് കൃഷിയിടങ്ങളിൽ വെള്ളം കയറി.
65 ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. കോമ്പയാറിലും തൂക്കുപാലത്തും ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ലഘു മേഘവിസ്‌ഫോടനമാണ് മഴയ്ക്കു കാരണമെന്നാണ് നിഗമനം. ബുധനാഴ്ച രാത്രി 8.30 മുതലാണ് പ്രദേശത്ത് അതിശക്തമായ മഴ ആരംഭിച്ചത്. കരുണാപുരം പഞ്ചായത്തിലെ തൂക്കുപാലത്ത് വീടുകളിൽ വെള്ളം കയറി. കോമ്പയാർ-ആനക്കല്ല് റോഡിൽ 26 സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി.
റവന്യു ഉദ്യോഗസ്ഥരും നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തംഗങ്ങളും നടത്തിയ സമയോചിത ഇടപെടലാണ് വൻ ദുരന്തങ്ങൾ ഒഴിവാക്കിയത്. നാശനഷ്ടങ്ങൾ ഉണ്ടായ സ്ഥലങ്ങളിൽ ജില്ലാ കലക്ടറും ജനപ്രതിനിധികളും സന്ദർശനം നടത്തി. സംരക്ഷണഭിത്തികൾ ഇടിഞ്ഞാണു വീടുകൾ അപകടാവസ്ഥയിലായത്. പാലങ്ങൾ ബലപ്പെടുത്താനും വെള്ളം കയറിയ വീടുകൾക്ക് നഷ്ട പരിഹാരം നൽകണമെന്നാണ് ആവശ്യം.