ജില്ലാ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു
പിഎം കെയര്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിക്ക് അനുവദിച്ച ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനസജ്ജമായി. പ്ലാന്റിന്റെ പ്രവര്‍ത്തനോദ്ഘാടനം അഡ്വക്കേറ്റ് ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു. പി.ജെ. ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എന്‍.പ്രിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, തൊടുപുഴ നഗരസഭ അധ്യക്ഷന്‍ സനീഷ് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പ്രൊഫ. എം.ജെ. ജേക്കബ്, ഇന്ദു സുധാകരന്‍, സി.വി. സുനിത, ഷൈനി റെജി, തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീലക്ഷ്മി.കെ.സുദീപ്, ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കെ.സലിം കുമാര്‍, വി.എസ്. അബ്ബാസ്, അനീഷ് ജോസ്, പി.പി. സാനു, ടി.എം. ബഷീര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. ജോസഫ് ജോണ്‍, കെ.എം. ജബ്ബാര്‍, ഓക്സിജന്‍ പ്ലാന്റ് നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ പി.എസ്. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. ആര്‍.എം.ഒ. ഡോ. സി.ജെ. പ്രീതി കൃതജ്ഞത അര്‍പ്പിച്ചു. പി.എം. കെയര്‍ ഫണ്ടില്‍ നിന്നും 94,40,000 രൂപ വിലയുള്ള പ്ലാന്റാണ് ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ളത്.
ഒരേ സമയം 108 രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കാന്‍ ഇതിലൂടെ സാധിക്കും. മിനുട്ടില്‍ അന്തരീക്ഷത്തില്‍ നിന്നും 1000 ലിറ്റര്‍ ഓക്സിജന്‍ വേര്‍തിരിച്ച് സംഭരിച്ച് വിതരണം ചെയ്യാന്‍ ശേഷിയുള്ള ഈ പ്ലാന്റിന് ഒരു ദിവസം 250 ജംബോ സിലിണ്ടര്‍ നിറക്കാനുള്ള ശേഷിയുമുണ്ട്. ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള കേന്ദ്രീകൃത വിതരണ ശൃംഖലയില്‍ കൂടിയാണ് രോഗികള്‍ക്ക് ഓക്സിജന്‍ എത്തിക്കുന്നത്.