മൂന്നാറിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വൻതോതിൽ പിടികൂടി
മൂന്നാർ ∙ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 5 ചാക്ക് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പഴയ മൂന്നാർ, ടൗൺ, മാർക്കറ്റ് എന്നിവിടങ്ങളിലായി 50 കടകളിൽ നടത്തിയ പരിശോധനയിലാണ് ക്യാരി ബാഗ് ഉൾപ്പെടെയുള്ള നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചത്.
മാസങ്ങളായി നിരോധനം ഏർപ്പെടുത്തിയിട്ടുള്ള കനം കുറഞ്ഞ ക്യാരി ബാഗുകളും മറ്റും ചില സ്ഥാപനങ്ങളിൽ സാധനങ്ങൾ പാക്ക് ചെയ്തു നൽകുന്നതിനായി ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. വരും ദിവസങ്ങളിലും കടകളിൽ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പിടിച്ചെടുത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഹരിത കേരള മിഷന് റീസൈക്കിൾ ചെയ്യുന്നതിനായി കൈമാറും. തമിഴ്നാട്ടിൽ നിന്നു പച്ചക്കറി, പലചരക്ക് എന്നിവയുമായെത്തുന്ന ലോറികളിലാണ് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എത്തിക്കുന്നതെന്ന് വിവരം ലഭിച്ചതായി പഞ്ചായത്ത് സെക്രട്ടറി വി.ആർ.അജിത്കുമാറും ജൂനിയർ സൂപ്രണ്ട് കെ.പി.കൃഷ്ണപിള്ളയും പറഞ്ഞു.