‘വാഴ 2’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

‘വാഴ II – ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. പ്രായഭേദമന്യേ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച ചിത്രം ആഗോളതലത്തിൽ 200 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്. മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് നവാഗതർ കേന്ദ്ര കഥപാത്രമായ ഒരു ചിത്രം ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ഈ നേട്ടം കൈവരിക്കുന്നത്. ഈ ഗംഭീര വിജയത്തിന് പിന്നാലെ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്.
ജിയോ ഹോട്ട്സ്റ്റാർ ആണ് ‘വാഴ 2’ ഡിജിറ്റൽ സ്ട്രീമിങ് പാർട്ട്ണർ. മെയ് എട്ട് മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. സിനിമയുടെ തെലുങ്ക് പതിപ്പ് അടുത്തിടെയാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായമാണ് തെലുങ്കിലും ചിത്രത്തിന് ലഭിക്കുന്നത്.
നവാഗതനായ സവിൻ സാ ആണ് ‘വാഴ 2’ സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ വിപിന്‍ ദാസിന്റേതാണ് തിരക്കഥ. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ എച്ച്, അലൻ ബിൻ സിറാജ്, വിനായക് വി, അജിൻ ജോയ്, ദേവരാജ് ടി.ആർ എന്നിവരാണ് ‘വാഴ 2’ലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബിജു കുട്ടൻ, സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, അമീൻ, നിഹാൽ, അഞ്ചൽ മറിയ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
അഖിൽ ലൈലാസുരൻ ആണ് സിനിമയുടെ ഛായാഗ്രഹണം. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് കണ്ണന്‍ മോഹൻ. WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം.
















































































































