ഗ്രാമ്പു വില ഉയർന്നു, ആഭ്യന്തര റബർ വില ഇന്നും ഉയരങ്ങളിൽ

ചൈന, സിംഗപ്പൂർ റബർ അവധി വിപണികളിലുണ്ടായ തളർച്ച ജപ്പാനിലെ ഒസാക്കയുടെ മുന്നേറ്റത്തിന് തടസ്സമാകുന്നു. ജപ്പാനിൽ റബർ വില 431 യെന്നിലാണ്. ചൈനയിലെ ഷാങ്ഹായ്, സിംഗപ്പൂർ എക്സ്ചേഞ്ചുകളിൽ ഇന്നും വിൽപ്പന സമ്മർദം നിലനിന്നു. ബാങ്കോക്കിൽ ഷീറ്റ് വില കിലോയ്ക്ക് 262 രൂപയായി താഴ്ന്നു. റബറിന്റെ വിലക്കയറ്റത്തെ തുടർന്ന് ചൈനീസ് വ്യവസായികൾ സംഭരണം കുറച്ചത് അവരുടെ കരുതൽ ശേഖരം ഒക്ടോബറിൽ കുറയാൻ കാരണമായി. ഉൽപ്പാദക രാജ്യങ്ങളെ സംബന്ധിച്ച് ഇത് വിപണിക്ക് താങ്ങുപകരുന്ന ഘടകമാണ്. തായ്ലൻഡിലെ തെക്കൻ മേഖലകളിൽ തിങ്കളാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. സംസ്ഥാനത്ത് റബറിൻെറ റെക്കോർഡ് വില കണ്ട് കാർഷിക മേഖല ടാപ്പിങ്ങിന് ഉത്സാഹിക്കുന്നുണ്ടെങ്കിലും ലാറ്റക്സ് വിൽപ്പനയ്ക്കാണ് അവർ മുൻതൂക്കം നൽകുന്നത്. കൊച്ചിയിൽ ലാറ്റക്സ് കിലോ 185 രൂപയിലാണ്. നാലാം ഗ്രേഡ് റബർ കിലോ 297 രൂപ നിരക്കിൽ വിപണനം നടന്നു.
രാജ്യാന്തര വിപണിയിൽ ഗ്രാമ്പൂ വില ഉയർന്നു. ഇന്തൊനീഷ്യയിലും മഡഗാസ്കറിലും ഉൽപ്പാദനത്തിലുണ്ടായ കുറവ് വിലക്കയറ്റത്തിന് കാരണമായി. ഇതിന്റെ പ്രതിഫലനമെന്നോണം ഇന്ത്യൻ വിപണിയും ചൂടുപിടിച്ചു. കേരളത്തിൽ ഗ്രാമ്പൂ വില കിലോയ്ക്ക് 1000 രൂപയായും നാടൻ ഗ്രാമ്പൂ വില കിലോയ്ക്ക് 1200 രൂപയിലേക്കും കയറി. പ്രതികൂല കാലാവസ്ഥ ഇവിടെയും ഉൽപ്പാദനത്തെ ബാധിച്ചു. കറിമസാല വ്യവസായികൾ ഗ്രാമ്പൂവിൽ താൽപര്യം കാണിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഗ്രാമ്പൂ വില കിലോ 780–895 രൂപയായിരുന്നു.
തേക്കടിയിൽ നടന്ന ഏലക്ക ലേലത്തിൽ ആഭ്യന്തര വ്യാപാരികൾക്കൊപ്പം വിദേശ ഇടപാടുകാരും സജീവമായിരുന്നെങ്കിലും ശരാശരി ഇനങ്ങൾ നേരിയ ചാഞ്ചാട്ടം കാഴ്ച്ചവെച്ചു. ആകെ 1,02,029 കിലോ ചരക്ക് ലേലത്തിനെത്തിയതിൽ 99,193 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങളുടെ കിലോ 3018 രൂപയിലും മികച്ചയിനങ്ങൾ 3586 രൂപയിലാണ്.








































































































































