Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇത് ക്രിസ്തീയവിശ്വാസം അല്ല, കേരളത്തിലെ വിശ്വാസികൾ കൂടെ നിൽക്കില്ല ; മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം നേതാവ് എം എ ബേബി




തിരുവനന്തപുരം: റബ്ബർ വില 300 ആക്കിയാൽ ബിജെപിയെ സഹായിക്കും എന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം നേതാവ് എം എ ബേബി. ഇത് ക്രിസ്തീയവിശ്വാസം അല്ലെന്ന് എം എ ബേബി പ്രതികരിച്ചു. കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ല എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

നീ എനിക്ക് കിലോയ്ക്ക് മുന്നൂറ് രൂപ തന്നാൽ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്നാണ് ആർച്ച് ബിഷപ്പ് പറയുന്നത്. ഫാദർ സ്റ്റാൻ സ്വാമിയേയോ ആക്രമിക്കപ്പെട്ട മറ്റു ക്രിസ്തീയ വിശ്വാസികളെയോ കുറിച്ചു മാത്രമല്ല ക്രിസ്ത്യാനികൾ ആലോചിക്കേണ്ടത്. നീതിയെ കുറിച്ചാണ് ക്രിസ്ത്യാനികൾ ആലോചിക്കേണ്ടത്. നീതിയുടെ പക്ഷത്ത് നില്ക്കാനാണ് ഫ്രാൻസിസ് മാർപാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത്. അല്ലാതെ മുന്നൂറ് രൂപയോ അധികാരത്തിന്റെ ശീതളഛായയോ തരുന്നവരുടെ കൂടെ നില്ക്കാൻ അല്ല എന്നും എം എ ബേബി അഭിപ്രായപ്പെട്ടു.

*ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം*…

“റബറിന്റെ വില കിലോയ്ക്ക് മുന്നൂറ് രൂപ ആക്കിയാൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ കേരളത്തിൽ നിന്ന് എംപി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരും,” എന്നു പറയുന്ന സീറോ മലബാർ സഭയുടെ തലശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടേത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയാണ്. നീ എനിക്ക് കിലോയ്ക്ക് മുന്നൂറ് രൂപ തന്നാൽ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ല.

“നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം, വാക്യം ഇരുപത്. യേശു ക്രിസ്തു ഗലീലിയിലെ ഗിരിപ്രഭാഷണത്തിൽ പറഞ്ഞതാണ് ഈ വാക്യം. കുടിയേറ്റക്കാരായാലും അല്ലെങ്കിലും കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ല.
ആർഎസ്എസ് സർക്കാർ റബറിന്റെ വില കൂട്ടാൻ പോകുന്നില്ല എന്നത് എല്ലാവർക്കും അറിയാം. അവർ കർഷകരെ കൂടുതൽ ഞെരുക്കണം എന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണ്. ഫാദർ സ്റ്റാൻ സ്വാമിയേയോ ആക്രമിക്കപ്പെട്ട മറ്റു ക്രിസ്തീയ വിശ്വാസികളെയോ കുറിച്ചു മാത്രമല്ല ക്രിസ്ത്യാനികൾ ആലോചിക്കേണ്ടത്, നീതിയെക്കുറിച്ചാണ്.

ആഗോള കത്തോലിക്കാ സഭയുടെ അധിപൻ ഫ്രാൻസിസ് മാർപാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്ത് നില്ക്കാൻ ആണ്. അല്ലാതെ മുന്നൂറ് രൂപയോ അധികാരത്തിന്റെ ശീതളശ്ചായയോ തരുന്നവരുടെ കൂടെ നില്ക്കാൻ അല്ല..









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!