വരും ദിവസങ്ങളിലും കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; പിന്നിൽ ‘കോംബസു’!
തിരുവനന്തപുരം ∙ കേരളത്തിൽ മഴ കനത്തതിനു പിന്നിൽ അറബിക്കടലിലെ ചക്രവാതച്ചുഴിയും ചുഴലിക്കാറ്റും. ചക്രവാതച്ചുഴിയുടെയും പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിലെ ചുഴലിക്കറ്റിന്റെയും സ്വാധീനത്തിൽ കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരാനാണ് സാധ്യത. മധ്യകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി നാലു ദിവസംവരെ തുടർന്നേക്കും.
പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിൽ ‘ലയൺ രോക്കർ’, ‘കോംബസു’, ‘നംതെയോൺ’ ചുഴലിക്കാറ്റുകളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിൽ കോംബസുവാണ് ശക്തിയേറിയതും കേരളത്തിൽ മഴയ്ക്കിടയാക്കുന്നതിലെ പ്രധാന ഘടകവും. ബംഗാൾ ഉൾക്കടലിൽ പ്രതീക്ഷിച്ചിരുന്ന ന്യൂനമർദം രൂപപ്പെടാൻ വൈകുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.
ബുധനാഴ്ചയോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ഒക്ടോബർ പതിനഞ്ചോടെ ആന്ധ്ര, ഒഡീഷ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. ചുഴലിക്കാറ്റ് രൂപപ്പെടാനിടയുണ്ടെന്നായിരുന്നു നേരത്തേയുള്ള വിശകലനം. വരും മണിക്കൂറുകളിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. കേരള- കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ 14, 15 തീയതികളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും നിർദേശമുണ്ട്. ഈ ദിവസങ്ങളിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനു സാധ്യതയുണ്ട്.
English Summary: Heavy Rain Alert in Kerala for Next Days