തലയ്ക്ക് അടിയേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ടു; സുഹൃത്ത് പിടിയിൽ
അടിമാലി ∙ മാങ്കുളത്തിനു സമീപം ശേവലുകുടിയിൽ മധ്യവയസ്കൻ ബൈക്കിന്റെ ഷോക്ക് അബ്സോർബർ കൊണ്ട് തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ. ശേവലുകുടി വരിക്കയിൽ റോയി (58) ആണ് മരിച്ചത്. സുഹൃത്ത് കണ്ടത്തിൽ ബിബിൻ വിത്സനെ മൂന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് ആക്രമണം ഉണ്ടായതെന്നാണു പൊലീസിന്റെ നിഗമനം. ശേവലുകുടി അങ്കണവാടിക്ക് എതിർവശം റോഡരികിൽ രാത്രി പതിനൊന്നോടെ ചോര വാർന്നൊഴുകിയ നിലയിൽ റോയിയെ കണ്ടെത്തുകയായിരുന്നു.
നാട്ടുകാരും പൊലീസും ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ മകളെ ജോലി സ്ഥലത്തേക്കു വിടുന്നതിനു വേണ്ടി സമീപമുള്ള കുവൈത്ത് സിറ്റിയിൽ നിന്നു സാധനങ്ങളും മലഞ്ചരക്ക് കടയിൽ നിന്നു പണവും വാങ്ങി 7 മണിയോടെ റോയി വീട്ടിലേക്ക് പോകുന്നതു കണ്ടതായി നാട്ടുകാർ മൊഴി നൽകി. ഇതിനു ശേഷമാണ് റോയിയും ബിബിനും കണ്ടുമുട്ടിയതെന്നാണു കരുതുന്നത്.
വ്യാജമദ്യ വിൽപനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പൊലീസ് നിഗമനം. ഒന്നിലേറെ പേർ ആക്രമണത്തിനു പിന്നിലുണ്ടോ എന്നും സംശയിക്കുന്നുണ്ട്. റോയിയെ ആശുപത്രിയിൽ എത്തിക്കാൻ ബിബിനും സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നത്രെ. കലുങ്കിൽ നിന്നു വീണാണ് തലയ്ക്കു ക്ഷതമേറ്റതെന്നാണ് ആശുപത്രിയിൽ അറിയിച്ചത്.
മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ അറിയിച്ചതോട ഇവർ മുങ്ങി. തുടർന്ന് ശേവലുകുടി വനമേഖലയിലേക്കു കടന്നു.എസ്എച്ച്ഒ മനേഷ് പൗലോസും സംഘവും നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം റോയിയുടെ സംസ്കരം നടത്തി. ഭാര്യ. തലക്കോട് അറക്കൽ മോളി. മക്കൾ. റോബിൻ, റോബിറ്റ.