നാട്ടുവാര്‍ത്തകള്‍
വീണ്ടും ആളനക്കം: ദേവികുളം ഗ്യാപ് റോഡ് വീണ്ടും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം
രാജകുമാരി ∙ ഏറെ കാലത്തിനു ശേഷം ദേവികുളം ഗ്യാപ് റോഡ് വീണ്ടും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി. 2017ൽ ദേശീയപാത നിർമാണം ആരംഭിച്ചതിനു ശേഷം ഗ്യാപ് റോഡ് സഞ്ചാരികൾക്ക് അപ്രാപ്യമായിരുന്നു. ഗ്യാപ് റോഡിൽ പല തവണ മലയിടിച്ചിലുണ്ടായതോടെ ഇതു വഴിയുള്ള ഗതാഗതം 2 വർഷത്തോളമാണ് നിരോധിച്ചത്. മൂന്നാഴ്ച മുൻപ് ഗ്യാപ് റോഡിൽ മലയിടിഞ്ഞ് ഏതാനും ദിവസം റോഡ് അടച്ചിട്ടു.
തടസ്സങ്ങൾ മാറിയതോടെ റോഡ് വീണ്ടും തുറന്നു. മൂന്നാറിൽ എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗം പേരും ഗ്യാപ് റോഡും സമീപത്തെ പവർഹൗസ് വെള്ളച്ചാട്ടവും സന്ദർശിച്ച ശേഷമാണ് മടങ്ങുന്നത്. മേഘശകലങ്ങളുടെ പശ്ചാത്തലത്തിൽ മുട്ടുകാട് പാടശേഖരത്തിന്റെ വിദൂര ദൃശ്യമാണ് ഗ്യാപ് റോഡിൽ നിന്നുള്ള പ്രധാന കാഴ്ച.