മോഷണം, വാഹനങ്ങൾ മറിച്ചു വിൽക്കൽ, ബാങ്ക് വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി അറസ്റ്റിൽ
കട്ടപ്പന ∙ മോഷണം, വാഹനങ്ങൾ വാടകയ്‌ക്കെടുത്തു മറിച്ചുവിൽക്കൽ, ബാങ്ക് വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ കേസുള്ള പ്രതി പിടിയിൽ. വെള്ളയാംകുടി കൂനംപാറയിൽ ജോമോനെ(ടോം-44) ആണ് ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിൽ പിടികൂടിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വാഹനങ്ങൾ വാടകയ്ക്കെടുത്ത് തമിഴ്നാട്ടിൽ കൊണ്ടുപോയി വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായത്.
വിവിധ സ്‌റ്റേഷനുകളിൽ കേസ് റജിസ്റ്റർ ചെയ്തതോടെ തമിഴ്‌നാട്ടിലേക്കു മുങ്ങിയ പ്രതി ഒളിവിൽ കഴിയുകയായിരുന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വഞ്ചനക്കേസിലാണ് ജോമോനെ തേനിയിൽ നിന്നു പിടികൂടിയത്. ചെറിയ വാഹനങ്ങൾ വാടകയ്ക്കെടുത്ത് തമിഴ്നാട്ടിൽ വിൽപന നടത്തുന്നതായിരുന്നു രീതി.
ചില ബാങ്കുകളിൽ നിന്ന് കോടിക്കണക്കിനു രൂപ വായ്പയെടുത്തു നൽകാമെന്നു വിശ്വസിപ്പിച്ചശേഷം കമ്മിഷൻ ഇനത്തിൽ ലക്ഷക്കണക്കിനു രൂപ മുൻകൂറായി വാങ്ങി ജോമോൻ കബളിപ്പിച്ചെന്ന് ആരോപിച്ചും ഒട്ടേറെ പേർ പരാതിയുമായി രംഗത്തുണ്ട്. മുൻപ് മൂവാറ്റുപുഴയിൽ സൂപ്പർ മാർക്കറ്റ് ആരംഭിച്ച ജോമോൻ മോഷ്ടാക്കളായ ആളുകളെ ജീവനക്കാരായി നിയമിച്ചശേഷം അവരോടൊപ്പം കോട്ടയം, എറണാകുളം ജില്ലകളിൽ മോഷണ പരമ്പര നടത്തിയിരുന്നു. ഇതിനിടെ 2015ൽ കട്ടപ്പനയിൽ നിന്നു പിടിയിലായി.
ഒട്ടേറെ ആരാധനാലയങ്ങളും ആലത്തൂർ ബവ്റിജസ് ഷോപ്പും കുത്തിത്തുറന്നു മോഷണം നടത്തിയ കേസുകളിൽ ഇപ്പോൾ വിചാരണ നേരിടുകയാണ്. ചില കേസുകളിൽ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 30 ലക്ഷം രൂപ വായ്പ ലഭ്യമാക്കാമെന്നു വിശ്വസിപ്പിച്ച് രണ്ടര ലക്ഷം രൂപ കമ്മിഷൻ ആയി കൈക്കലാക്കിയതായി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. കൂട്ടാർ സ്വദേശിനിയുടെ 64 ലക്ഷം രൂപ വിലയുള്ള വസ്തു ജോമോന്റെ പേരിലേക്കു റജിസ്റ്റർ ചെയ്തു വാങ്ങിയശേഷം പണം കൊടുക്കാതെ കബളിപ്പിച്ചതായും കേസുണ്ട്. ഈ വസ്തു പിന്നീട് ഇയാൾ മറിച്ചു വിൽക്കുകയും ചെയ്തു.
ഈ സ്ഥലം നൽകാമെന്നു വിശ്വസിപ്പിച്ച് കന്യാകുമാരി സ്വദേശിയായ മൈക്കിൾരാജിൽ നിന്ന് 23 ലക്ഷം രൂപ വാങ്ങിയശേഷം വഞ്ചിച്ചതായും പരാതിയുണ്ട്. വാഹനങ്ങൾ വാടകയ്ക്കെടുത്തു മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് മുനമ്പം, പിറവം, പെരുമ്പാവൂർ, വെള്ളൂർ, മുളന്തുരുത്തി, കമ്പംമെട്ട്, മാന്നാർ, പള്ളുരുത്തി തുടങ്ങിയ പൊലീസ് സ്‌റ്റേഷനുകളിൽ ജോമോനെതിരെ കേസുണ്ട്.
പ്രതിക്കെതിരെയുള്ള മറ്റു കേസുകളുടെ അന്വേഷണം ഇടുക്കി ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസ്വാമിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്.ബിനു, നെടുങ്കണ്ടം എസ്‌ഐ അജയകുമാർ, എസ്‌ഐ സജിമോൻ ജോസഫ്, എഎസ്‌ഐ ബേസിൽ പി.ഐസക്, എസ്.സുബൈർ, സിപിഒ ടോണി ജോൺ, വി.കെ.അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.