കാര്‍ഷിക നിയമങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ദില്ലി: കാര്‍ഷിക നിയമങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്‍്റെ നയം പ്രധാനമന്ത്രി വ്യക്തമാക്കിയത്.
എപ്പോള്‍ വേണെമെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും നിയമത്തിന്‍്റെ ഏതു ഭാഗത്താണ് ഭേദഗതി വേണ്ടതെന്ന് വ്യക്തമാക്കിയാല്‍ ആ നിലയില്‍ ചര്‍ച്ച നടത്തുമെന്നും ഇതിനു മുന്‍പ് നടന്ന ചര്‍ച്ചകളില്‍ അതേക്കുറിച്ച് വ്യക്തമായ നിര്‍ദേശം ഉയര്‍ന്നു വന്നിരുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കര്‍ഷകസമരം അനിശ്ചിതമായി തുടരുന്നതാണ് പ്രതിപക്ഷത്തിന് താത്പര്യമെന്നും വിഷയത്തില്‍ അനാവശ്യമായി തെറ്റിദ്ധാരണ പരത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.
ഇന്ത്യയിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ചും വാക്സീനേഷനിലെ പുരോഗതിയെക്കുറിച്ചും അഭിമുഖത്തില്‍ മോദി വാചാലനായി. വാക്സീന്‍ എന്താണെന്ന് ചിന്തിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് രാജ്യത്ത് വാക്സീനേഷന്‍ ഗവേഷണവും ഉത്പാദനവും തുടങ്ങിയതെന്ന് പ്രധാനമന്ത്രി അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ വാക്സീനേഷനില്‍ ഇന്ത്യ നേടിയ കീര്‍ത്തി കെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടായെന്നും അന്താരാഷ്ട്ര തലത്തില്‍ പോലും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുണ്ടായെന്നും പ്രധാനമന്ത്രി അഭിമുഖത്തില്‍ പറയുന്നു.
രണ്ടാം തരംഗം നിയന്ത്രിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്ന തരത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പ്രചാരണമുണ്ടായി. ലോകരാജ്യങ്ങളെല്ലാം കൊവിഡ് പ്രതിസന്ധി നേരിടുന്നു എന്നിരിക്കേ ഇന്ത്യ മാത്രം കൊവിഡ് പ്രതിരോധത്തില്‍ പിന്നോക്കാം പോയെന്ന തരത്തില്‍ പ്രതിപക്ഷം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും മോദി പറഞ്ഞു.