ഏഴ് മാസത്തിനിടെ കടത്തിയത് 200 വാഴക്കുലകള്‍;രണ്ടംഗ സംഘം പോലീസ് പിടിയില്‍
നെടുങ്കണ്ടം: വാഴക്കുലകള്‍ മോഷ്ടിച്ച് കടത്തിയ രണ്ടംഗ സംഘം പിടിയില്‍. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടില്‍ ഏബ്രാഹം വര്‍ഗീസ് (49), നമ്മനശേരി റെജി (50) എന്നിവരാണ് കമ്പംമെട്ട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ സംഘം 200 വാഴക്കുലകള്‍ മോഷ്ടിച്ചു വില്‍പന നടത്തി. സംഭവത്തെക്കുറിച്ച് കമ്പംമെട്ട് പോലീസ് പറയുന്നതിങ്ങനെ; തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ പോള്‍സണ്‍ സോളമന്‍ കമ്പംമെട്ടിന് സമീപം ഏഴ് ഏക്കര്‍ ഏലത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നുണ്ട്.
ഏലത്തിന് ഇടവിളയായി 2500 ഏത്തവാഴകളും നട്ടു. തമിഴ്‌നാട്ടില്‍ നിന്നും വാഴ വിത്ത് എത്തിച്ച് ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് കൃഷി ആരംഭിച്ചത്. ഇതോടൊപ്പം ഏലവുമുണ്ട്. കഴിഞ്ഞ ഏഴ് മാസമായി പോള്‍സന്റെ സ്ഥലത്ത് നിന്നും വാഴക്കുല മോഷണം പോയിരുന്നു. ആദ്യം ഒന്നുരണ്ട് ഏത്തക്കുലകള്‍ മാത്രമാണ് മോഷണം പോയിരുന്നത്. മോഷണം ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കാവലിനായി ഒരു സൂപ്പര്‍ വൈസറെയും നിയമിച്ചു. പുതിയ സൂപ്പര്‍ വൈസറെത്തിയെങ്കിലും പുരയിടത്തിലെ വാഴക്കുല മോഷണം വീണ്ടും തുടര്‍ന്നു.
രണ്ട് ഏത്തവാഴക്കുല പോയ സ്ഥാനത്ത് വാഴക്കുലകള്‍ നഷ്ടപ്പെടുന്നതിന്റെ എണ്ണവും വര്‍ധിച്ചു. ദിനംപ്രതി നാല്, അഞ്ച് വാഴക്കുലകള്‍ വീതം നഷ്ടപ്പെട്ട് തുടങ്ങിയതോടെ ഉടമയും പ്രതിസന്ധിയിലായി. വാഴക്കുലക്ക് വിപണിയില്‍ വിലക്കുറവ് അനുഭവപ്പെട്ടതോടെ വില്‍പനയും നടക്കാതായി. ഇത് മുതലെടുത്താണ് തസ്‌ക്കരര്‍ കുലകള്‍ കടത്തിയത്.