ആവേശമായി കട്ടപ്പനയിൽ സഹകരണ ആശുപത്രിയുടെ മിനിമാരത്തണ്‍

കട്ടപ്പന: നഗരത്തിന് ആവേശമായി മിനിമാരത്തണ്‍. ലോക ഹൃദയദിനത്തില്‍ സഹകരണ ആശുപത്രി നടത്തിയ മിനിമാരത്തണ്‍ കാഴ്ചക്കാര്‍ക്ക് വിസ്മയമായി. സൂക്ഷമതയോടെയും ശ്രദ്ധയോടെയുമുളള ഹൃദയ സംരക്ഷണത്തിന് ഏറ്റവും അനിവാര്യമായ വ്യായാമത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനാണ് സഹകരണ ആശുപത്രി മിനിമാരത്തണ്‍ നടത്തിയത്. ചിട്ടയായ ജീവിതക്രമവും വ്യായാമവും ഭക്ഷണക്രമവും മാനസിക സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും ഒഴിവാക്കി സന്തോഷവും ഉന്‍മേഷവും ജീവിതത്തിന്റെ ഭാഗമാക്കി കൊണ്ടുപോകാനാകണമെന്നതും ഹൃദയ ദിനത്തിന്റെ ഓര്‍മപ്പെടുത്തലുകളാണെന്ന് മാരത്തണ്‍ ഉദ്ഘാടനം ചെയ്ത ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് പറഞ്ഞു. ഇടുക്കിക്കവലയില്‍ നിന്നാണ് മാരത്തണ്‍ ഫ്‌ളാഗ്ഓഫ് ചെയ്തത്.
സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, കാര്‍ഡിയോജളി നേഴ്‌സിങ് വിഭാഗം തുടങ്ങിയവര്‍ മാരത്തണില്‍ പങ്കെടുത്തു. ഇടുക്കിക്കവലയില്‍ നിന്നാരംഭിച്ച മാരത്തണ്‍ അശോക ജംഗ്ഷന്‍ വഴി പഴയ ബസ് സ്റ്റാന്‍ഡിന് മുന്നിലൂടെ പളളിക്കവലയില്‍ എത്തി തിരികെ പുതിയ ബസ് സ്റ്റാന്‍ഡ് വഴി സഹകരണ ആശുപത്രിയിലെത്തി.
ബസ് സ്റ്റാന്‍ഡില്‍നേഴ്‌സിങ് സ്റ്റാഫ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. ഒരാള്‍ യാദൃശ്ചികമായി കുഴഞ്ഞുവീണാല്‍ ഹൃദയമമര്‍ത്തി ക്രിത്രിമ ശ്വാസോച്ഛാസം നല്കുന്നതും പ്രാഥമിക ചികിത്സ നല്‍കുന്നതും എങ്ങിനെ എന്നതിന്റെ ഡെമോണ്‍സ്‌ട്രേഷനും ഡോക്ടര്‍മാര്‍ അവതരിപ്പിച്ചു. സഹകരണ ആശുപത്രിയിലെത്തിയ മാരത്തണ്‍ താരങ്ങളെ ആശുപത്രി ഡയറക്ടര്‍ സി.വി വര്‍ഗീസ് സ്വീകരിച്ചു. പ്രസിഡന്റ് കെ.ആര്‍ സോദരന്‍, ഭരണസമിതി അംഗം കെ.പി സുമോദ്,
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സജി തടത്തില്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.ജോസന്‍ വര്‍ഗീസ്, സെക്രട്ടറി ആല്‍ബിന്‍ ഫ്രാന്‍സീസ്, പി.ആര്‍.ഒ ജോബിന്‍ ജോസ്, നേഴ്‌സിങ് സൂപ്രണ്ട് ആന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. മാരത്തണില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ മാരത്തണ്‍ പൂര്‍ത്തിയാകുവോളം അണിചേര്‍ന്ന ശേഷമാണ് അര്‍ജുന്‍ പാണ്ഡ്യന്‍ മടങ്ങിയത്.