ഇടുക്കി ജില്ലയിലെ ജനങ്ങളോട് കാണിച്ച അനീതിക്കും വിവേചനത്തിനും എതിരെയുള്ള പ്രതിഷേധമാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രകടമായതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി

ഇടതുപക്ഷ ഗവൺമെന്റിന്റെ ജനദ്രോഹ നടപടികൾക്കും അഴിമതിക്കും കൊള്ളയ്ക്കും എതിരെയുള്ള ജനരോക്ഷവും ഇടുക്കി ജില്ലയിലെ ജനങ്ങളോട് കാണിച്ച അനീതിയും വിവേചനത്തിനും എതിരെയുള്ള പ്രതിഷേധവുമാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രകടമായതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അഭിപ്രായപ്പെട്ടു. ഭൂ പ്രശ്നങ്ങളുടെ പേരിൽ ജനങ്ങൾ പീഡിപ്പിക്കപ്പെട്ടപ്പോൾ അവർക്ക് ആശ്വാസമേകിയത് യുഡിഎഫ് ആണ്. സർക്കാർ നടപടിക്ക് ഓശാന പാടിയ ജില്ലയിലെ ഇടതുപക്ഷ നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് ബോധ്യപ്പെട്ടതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. ജില്ലാ പഞ്ചായത്തിൽ 14 സീറ്റും 7 ബ്ലോക്ക് പഞ്ചായത്തുകളും 2 മുനിസിപ്പാലിറ്റികളും 40 ഗ്രാമപഞ്ചായത്തുകളും നേടിയെടുക്കാൻ സഹായിച്ച ജനങ്ങൾക്ക് ചെയർമാൻ നന്ദി രേഖപ്പെടുത്തി. ജില്ലയിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ത്രിതല പഞ്ചായത്തുകൾ യോജിച്ചു നിന്നു പോരാടുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.













































































