കയ്യകലത്ത് മെച്ചപ്പെട്ട ചികിത്സ; ഓരോ ഇടുക്കിക്കാരന്റെയും സ്വപ്നം

കയ്യകലത്ത് മെച്ചപ്പെട്ട ചികിത്സയെന്നത് ഓരോ ഇടുക്കിക്കാരന്റെയും സ്വപ്നമാണ്. വിദഗ്ധ ചികിത്സയ്ക്ക് ഇന്നും ഇതര ജില്ലകളെയോ സംസ്ഥാനങ്ങളെയോ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇടുക്കി. മെഡിക്കൽ കോളജിന്റെ വികസനവും പുതിയ ആശുപത്രികളുടെ നിർമാണവും പ്രതീക്ഷയേകുന്നുണ്ടെങ്കിലും ഹൈറേഞ്ചിലെ പലയിടങ്ങളും വിദഗ്ധ ചികിത്സയുടെ റേഞ്ചിനു പുറത്താണ്.
കട്ടപ്പന മേഖല
കട്ടപ്പന താലൂക്ക് ആശുപത്രിയിൽ സ്‌പെഷലിസറ്റ് ഡോക്ടർമാരുടെ സേവനം നാമമാത്രം. ഗൈനക്കോളജി വിഭാഗം ആരംഭിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപ്പായിട്ടില്ല. കട്ടപ്പനയിലും പരിസര മേഖലകളിലും ഉള്ളവർ ഇടുക്കി, കോട്ടയം മെഡിക്കൽ കോളജുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.കോവിഡിന്റെ പേരുപറഞ്ഞു നിലവിലുള്ള ചില ഡോക്ടർമാരുടെ സേവനവും കൃത്യമായി കിട്ടുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
താലൂക്ക് ആശുപത്രിയോട് അനുബന്ധിച്ച് ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ട് ഏറെക്കാലമായെങ്കിലും യാഥാർഥ്യമായിട്ടില്ല. ഒക്ടോബർ പകുതിയോടെ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ബന്ധപ്പെട്ടവർ നൽകുന്ന വിവരം. കർഷകരും തോട്ടം തൊഴിലാളികളും ഏറെയുള്ള വണ്ടൻമേട്, ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും സൗകര്യങ്ങളുടെ അപര്യാപ്തത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
കുമളി മേഖല
ശബരിമല തീർഥാടകരും വിനോദ സഞ്ചാരികളും ഉൾപ്പെടെ ലക്ഷക്കണക്കിനാളുകൾ വന്നു പോകുന്ന കുമളി ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തിൽ ജില്ലയിൽ ഏറ്റവും പിന്നാക്കമാണ്. ഒരു കുടുംബാരോഗ്യ കേന്ദ്രവും ഒരു സ്വകാര്യ ആശുപത്രിയും ചില ക്ലിനിക്കുകളുമാണ് ആകെയുള്ള ആശ്രയം. കുമളി, ചക്കുപള്ളം പ്രദേശത്തുള്ളവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെങ്കിൽ ഇപ്പോൾ 100 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ട സ്ഥിതിയാണുള്ളത്. കുടുംബാരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങൾ പരിമിതമാണ്.
തേക്കടി ബോട്ട് ദുരന്തവും പുല്ലുമേട് ദുരന്തവും നടന്നപ്പോൾ സ്ഥലത്തെത്തിയ മന്ത്രിമാർ ഇവിടെ മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങൾ ഒരുക്കുമെന്നു പ്രഖ്യാപനം നടത്തി മടങ്ങിയതല്ലാതെ ഒന്നും സംഭവിച്ചില്ല. ആശുപത്രി വികസനത്തിന് അനുവദിച്ച തുക യഥാസമയം വിനിയോഗിക്കുന്നതിൽ പഞ്ചായത്ത് വീഴ്ച വരുത്തിയെന്നായിരുന്നു കഴിഞ്ഞ വർഷം വരെ ഉയർന്നിരുന്ന ആരോപണം.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്ന് എൽഡിഎഫ് ഭരണം പിടിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിക്ക് അനുവദിച്ചെന്നു പറയുന്ന തുക സംബന്ധിച്ച് ഇപ്പോൾ മിണ്ടാട്ടമില്ല. കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന് 6 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വാഴൂർ സോമൻ എംഎൽഎ വ്യക്തമാക്കിയിട്ടുണ്ട്.
തൊടുപുഴ മേഖല
തൊടുപുഴ താലൂക്ക് ആശുപത്രി 5 വർഷം മുൻപു ജില്ലാ ആശുപത്രിയായി ഉയർത്തിയെങ്കിലും ഇതനുസരിച്ചുള്ള ജീവനക്കാരെ നിയമിച്ചിട്ടില്ല. ദേശീയ ആരോഗ്യ ദൗത്യം വഴി നിയമിച്ച താൽക്കാലിക ജീവനക്കാർ വഴിയാണു പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുപോകുന്നത്. സുഗമമായ പ്രവർത്തനത്തിന് ചുരുങ്ങിയതു 4 അസിസ്റ്റന്റ് സർജൻമാരെങ്കിലും വേണമെന്നിരിക്കെ ഇതുവരെ ഒരു തസ്തിക പോലും സൃഷ്ടിച്ചിട്ടില്ല. ഇതുപോലെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ അധിക തസ്തികയും സൃഷ്ടിച്ചിട്ടില്ല.
ഫിസിഷ്യന്റെ ഒരു തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നു. സ്റ്റാഫ് നഴ്സ്, ഹെൽത്ത് ഇൻസ്പെക്ടർ, ജെപിഎച്ച്എൻ, ക്ലാർക്ക് ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവും പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഹൈറേഞ്ച് മേഖലകളിൽ നിന്നടക്കം ഒട്ടേറെ രോഗികൾ ഡയാലിസിസിന് ആശ്രയിക്കുന്നതു ജില്ലാ ആശുപത്രിയെയാണ്. 8 വർഷമായി ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും നെഫ്രോളജിസ്റ്റിന്റെ സേവനം ഇപ്പോഴും ലഭ്യമല്ല. അതുപോലെ സ്ട്രോക്ക് യൂണിറ്റ് ഉണ്ടെങ്കിലും ന്യൂറോളജിസ്റ്റ് ഇല്ല.
വർക്കിങ് അറേഞ്ച്മെന്റിൽ ഒരു ന്യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമാണെന്നതു മാത്രമാണ് ആശ്വാസം. കോവിഡ് ബ്രിഗേഡ് വഴി നിയമിച്ചിട്ടുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കാലാവധി ഈ മാസം 30 നു അവസാനിക്കും. ഇതു നീട്ടി നൽകിയില്ലെങ്കിൽ കോവിഡ് ബാധിതരുടെ ചികിത്സയും പ്രതിസന്ധിയിലാകും. അപകടത്തിൽപെടുന്നവർക്ക് അടിയന്തര വിദഗ്ധ ചികിത്സ നൽകുന്ന ട്രോമാ കെയർ സംവിധാനവും പ്രവർത്തനം തുടങ്ങാനായിട്ടില്ല.
മൂന്നാർ മേഖല
ലോകമറിയുന്ന വിനോദസഞ്ചാര കേന്ദ്രമാണ് മൂന്നാർ. എന്നാൽ, അസുഖം വന്നാൽ വിദഗ്ധ ചികിത്സ കിട്ടണമെങ്കിൽ 200 കിലോമീറ്റർ താണ്ടി കോട്ടയത്തോ കൊച്ചിയിലോ അല്ലെങ്കിൽ തമിഴ്നാട്ടിലോ പോകണം. സാമൂഹികാരോഗ്യ കേന്ദ്രങ്ങളല്ലാതെ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്ന ആശുപത്രികൾ ഈ മേഖലയിൽ ഇല്ലാത്തതാണു കാരണം.
ടൂറിസം പ്രാധാന്യം കണക്കിലെടുത്ത് മൂന്നാറിൽ ആധുനിക സൗകര്യങ്ങളോടെ ആശുപത്രി സ്ഥാപിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. സർക്കാർ 78 കോടി അനുവദിക്കുകയും ടൗണിനു സമീപം സ്ഥലം കണ്ടെത്തുകയും ചെയ്തതോടെ ആശുപത്രി എന്ന സ്വപ്നം താമസിയാതെ പൂവണിയും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
ചിന്നക്കനാൽ മേഖല
ഹൈറേഞ്ചിൽ വിദഗ്ധ ചികിത്സയ്ക്കു സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാർ ഏറെയുള്ളത് ചിന്നക്കനാൽ, ശാന്തൻപാറ, സേനാപതി, രാജകുമാരി, രാജാക്കാട്, ബൈസൺവാലി മേഖലയിലാണ്. രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്താമെന്ന വാഗ്ദാനം വെള്ളത്തിലെ വര പോലെയായി.
ഉടുമ്പൻചോലയിലെ ഗവ.ആയുർവേദ മെഡിക്കൽ കോളജിന്റെ നിർമാണവും ഇഴയുകയാണ്. അത്യാവശ്യ ഘട്ടങ്ങളിൽ തേനിയിലെയും കോട്ടയത്തെയും മെഡിക്കൽ കോളജുകളാണ് ആശ്രയം. എന്നാൽ ഇവിടെ എത്തണമെങ്കിൽ മണിക്കൂറുകൾ യാത ്രവേണ്ടി വരുന്നു.