പെൺകുഞ്ഞിനെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി; വണ്ടിപ്പെരിയാറിലേത് ക്രൂര കൊലപാതകം; കുറ്റപത്രം


വണ്ടിപ്പെരിയാറിലെ 6 വയസ്സുകാരിയുടെ മരണം ക്രൂരമായ കൊലപാതകമെന്ന് പൊലീസിന്റെ കുറ്റപത്രം. 65 സാക്ഷികളുണ്ട്. 250 പേരുടെ മൊഴി അടങ്ങിയ 300 പേജ് കുറ്റപത്രമാണ് മുട്ടം പോക്സോ കോടതിയിൽ പൊലീസ് സമർപ്പിച്ചത്. പ്രതി അർജുൻ (22) അറസ്റ്റിലായി 78 ദിവസത്തിനുള്ളിലാണു കുറ്റപത്ര സമർപ്പണം. പ്രതി നിലവിൽ മുട്ടം ജയിലിൽ തുടരുകയാണ്.
ജൂൺ 30ന് ആണ് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിൽ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പെൺകുഞ്ഞിനെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് ശാസ്ത്രീയ തെളിവുകൾ നിരത്തി പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കൊലപാതകം, പോക്സോ, തെളിവുനശിപ്പിക്കൽ, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തി.
പെൺകുഞ്ഞിന് 3 വയസ്സുള്ളപ്പോൾ മുതൽ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. മിഠായിയും ഭക്ഷ്യവസ്തുക്കളും നൽകിയായിരുന്നു പീഡനമെന്ന പൊലീസിന്റെ കണ്ടെത്തലിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്. പെൺകുഞ്ഞ് കൊല്ലപ്പെട്ട ദിവസം പ്രതി വീട്ടിൽ അതിക്രമിച്ചു കയറിയെന്നും ഉപദ്രവിക്കുന്നതിനിടെ കുട്ടി ബോധരഹിതയായി വീണെന്നും പൊലീസ് പറയുന്നു.
അനക്കമറ്റു കിടന്ന കുട്ടി മരിച്ചെന്നു കരുതി കയർ കൊണ്ട് മുറിക്കുള്ളിൽ കെട്ടിത്തൂക്കിയ ശേഷം പ്രതി ജനൽ വഴി രക്ഷപ്പെടുകയായിരുന്നു. കുട്ടി നിരന്തര പീഡനങ്ങൾക്ക് ഇരയായെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും കുട്ടിയുടെ ശരീരത്തിൽ നിന്നു കണ്ടെത്തിയ മുടി പ്രതിയുടേതാണെന്ന ശാസ്ത്രീയ പരിശോധനാ ഫലവും കേസിനു ബലമാകും.