നിർമ്മിതികളെല്ലാം ഉപാധിരഹിതമായി നിയമവല്‍ക്കരിക്കും അടൂർ പ്രകാശ് എം പി.

മലയോര ജനത സംസ്ഥാനത്തെ നിയമങ്ങൾ പാലിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ വീണ്ടും ക്രമവൽക്കരിക്കണമെന്ന സർക്കാർ നിലപാട് ശുദ്ധ അസംബന്ധമാണെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉപാധിരഹിതമായി മുഴുവൻ നിർമ്മിതികളും നിയമവല്‍ക്കരിക്കുമെന്നും അടൂർ പ്രകാശ് എം പി ഹൈറേഞ്ച് നിവാസികൾക്ക് ഉറപ്പു നൽകി. സർക്കാരിന്റെ ഭൂപതിവ് ചട്ട ഭേദഗതി തട്ടിപ്പിനെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റി കട്ടപ്പന സിഎസ്ഐ ഗാർഡനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1964 ലെ ചട്ടം അനുസരിച്ച് സംസ്ഥാനം മുഴുവൻ പട്ടയം നൽകിയിരിക്കുകയും എല്ലായിടത്തും ജനങ്ങൾ കെട്ടിടം പണിതിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഹൈറേഞ്ചിലെ നിർമ്മാണം മാത്രം നിയമവിരുദ്ധമാണെന്ന് പറയുമ്പോൾ ഹൈറേഞ്ച് ഈ സംസ്ഥാനത്തിന്റെ ഭാഗമല്ലേ?. പിടിച്ചുപറിയും കൊള്ളയടിയും മുഖമുദ്രയാക്കിയിട്ടുള്ള സർക്കാർ ഇടുക്കിയിലെ ജനങ്ങളെയും കൊള്ളയടിക്കുന്നതിനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ചട്ട ഭേദഗതിയുമായി ബന്ധപ്പെട്ട ക്രമവൽക്കരണത്തിനു വേണ്ടി വെള്ളക്കടലാസിൽ പോലും അപേക്ഷ നൽകരുതെന്ന് അദ്ദേഹം ജനങ്ങൾക്ക് നിർദ്ദേശം നൽകി. യുഡിഎഫ് പൊതു സർക്കാർ ഉത്തരവിലൂടെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കും. ഊരാക്കുടുക്കുകൾ സൃഷ്ടിച്ച് ജില്ലയുടെ വികസനം മുരടിപ്പിക്കുകയും ജനങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്ന സർക്കാർ നടപടിക്കെതിരെ തക്ക തിരിച്ചടി നൽകാൻ ഇടുക്കിയിലെ ജനങ്ങൾ തയ്യാറെടുത്തു കഴിഞ്ഞതായി മുഖ്യപ്രഭാഷണം നടത്തിയ അഡ്വ ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.
യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സംഗമത്തിൽ സിപി മാത്യു, പ്രൊഫ. എം ജെ ജേക്കബ്, അഡ്വ. എസ് അശോകൻ, കെ എ സിയാദ്, അഡ്വ. ഇ എം ആഗസ്തി എക്സ് എം എൽ എ, റോയി കെ പൗലോസ്, അപു ജോൺ ജോസഫ്, അഡ്വ ജോയി തോമസ്, അഡ്വ ഇബ്രാഹിംകുട്ടി കല്ലാർ, സി വർഗീസ്, കെ എ കുര്യൻ എന്നിവർ പ്രസംഗിച്ചു. ടൗണിൽ നടത്തിയ പ്രതിഷേധ റാലിക്ക് എ. പി ഉസ്മാൻ അഡ്വ. എം എൻ ഗോപി, തോമസ് രാജൻ, അഡ്വ. തോമസ് പെരുമന, സാബു മുതിരക്കാല, സെബാസ്റ്റ്യൻ എസ് വിളക്കുന്നേൽ, എം കെ പുരുഷോത്തമൻ, അഡ്വ. കെ ജെ ബെന്നി, തോമസ് മൈക്കിൾ, ജോയി ആനിത്തോട്ടം, സിബി പാറപ്പായിൽ, സിജു ചക്കുംമൂട്ടിൽ, ജോയി കുടക്കച്ചിറ തുടങ്ങിയവർ നേതൃത്വം നൽകി.









































































