നിയന്ത്രണങ്ങൾ പേരിൽ മാത്രം; എന്തിനാ ഇങ്ങനെ അറിയിപ്പുകൾ..?
തദ്ദേശസ്ഥാപന വാർഡുകളിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ വൈകി നൽകുന്നതു വ്യാപാരികളെയും മറ്റും ബുദ്ധിമുട്ടിലാക്കുന്നു. നിയന്ത്രണത്തെക്കുറിച്ച് അറിയാതെ പലയിടങ്ങളിലും ഇന്നലെ രാവിലെ വ്യാപാരികൾ കടകൾ തുറന്നു. പിന്നാലെ സ്ഥാപനം അടച്ചു മടങ്ങേണ്ടിവരികയും ചെയ്തു. പ്രതിവാര ജനസംഖ്യാനുപാതിക കോവിഡ് നിരക്ക് (ഡബ്ല്യുഐപിആർ) ഏഴിൽ കൂടുതലുള്ള വാർഡുകളിലാണ് ഇപ്പോൾ കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ഡബ്ല്യുഐപിആർ അടിസ്ഥാനമാക്കി, ആഴ്ചതോറും നിയന്ത്രണങ്ങളിൽ മാറ്റം വരുത്തും. ഇതിനു തലേ ദിവസം വൈകിട്ടാണ് ഇതുസംബന്ധിച്ച പുതുക്കിയ പട്ടിക കലക്ടറുടെ ഫെയ്സ്ബുക് പേജിലൂടെയും മറ്റും പുറത്തുവിടുന്നത്. പക്ഷേ, പിറ്റേന്നു പത്രവാർത്തകളിലൂടെയാണു കൂടുതൽ പേരും നിയന്ത്രണങ്ങളെക്കുറിച്ച് അറിയുന്നത്. ചിലരാകട്ടെ, ടൗണുകളിൽ എത്തിയ ശേഷവും.
ഇന്നലെ സ്ഥാപനങ്ങൾ തുറന്ന ശേഷമാണു ലോക്ഡൗൺ ആണെന്ന കാര്യം കട്ടപ്പനയിലെ വ്യാപാരികളിൽ പലരും അറിയുന്നത്. തുടർന്നു വ്യാപാരികൾക്കും ജീവനക്കാർക്കും സ്ഥാപനം അടച്ചു മടങ്ങേണ്ടി വന്നു. മൈക്ക് അനൗൺസ്മെന്റ് നടത്തി കടകൾ അടയ്ക്കാൻ നഗരസഭ നിർദേശം നൽകുകയും ചെയ്തു. ഇന്നലെ മുതൽ കട്ടപ്പന നഗരസഭയിലെ 18 വാർഡുകളിലാണു ലോക്ഡൗൺ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. മറ്റു പല സ്ഥലങ്ങളിലും വ്യാപാരികൾ ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കാര്യം അറിയാൻ വൈകി.
നിയന്ത്രണങ്ങൾ പേരിൽ മാത്രം
∙ ജില്ലയിൽ കോവിഡ് വ്യാപനം കൂടുമ്പോഴും നിയന്ത്രണങ്ങൾ പേരിനു മാത്രം ഒതുങ്ങുന്നതായി പരാതി. ഡബ്ല്യുഐപിആർ ഏഴിൽ കൂടുതലുള്ള 200 വാർഡുകളിലാണു നിലവിൽ കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ഇവിടങ്ങളിൽ ലോക്ഡൗൺ നിബന്ധനകളിൽ പറയുന്ന കാര്യങ്ങളൊന്നും കൃത്യമായി പാലിക്കപ്പെടുന്നില്ല. ഉത്തരവിലെ നിർദേശങ്ങൾ നടപ്പാക്കാൻ അധികൃതരുടെ ഭാഗത്തു നിന്നു കാര്യമായ ഇടപെടലില്ല.
നിയന്ത്രണങ്ങൾ ഉള്ള വാർഡുകളിലേക്ക് ആർക്കും വരികയും പോകുകയും ചെയ്യാമെന്ന സ്ഥിതി. കൂടുതൽ പേരെ പങ്കെടുപ്പിച്ച് വിവാഹം പോലുള്ള ആഘോഷങ്ങളും നടക്കുന്നു. നിയന്ത്രണങ്ങളുള്ള വാർഡുകൾക്കു സമീപം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു പൊതുപരിപാടികൾ നടത്തുന്നു. പലയിടത്തും റോഡിന്റെ അപ്പുറവും ഇപ്പുറവും വ്യത്യസ്ത വാർഡുകളാണ്. ഇതിൽ പലയിടങ്ങളിലും ഒരു വശത്തെ കടകൾ അടഞ്ഞുകിടക്കുകയും മറുവശത്തു കടകൾ തുറന്നു പ്രവർത്തിക്കുകയും ചെയ്യുന്നു.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ രാത്രി കർഫ്യൂവും അശാസ്ത്രീയമാണെന്നു പരാതിയുണ്ട്. ഈ സമയങ്ങളിൽ കാര്യമായ പരിശോധനയില്ല. രാത്രി 10നു ശേഷം മാസ്ക് ഇല്ലാതെയും ശരിയായി മാസ്ക് ധരിക്കാതെയും നിരത്തിലിറങ്ങുന്നവർ തൊടുപുഴ നഗരത്തിലടക്കം പതിവുകാഴ്ചയാണ്.