വാക്സീനോ ? ആർക്കു കിട്ടി എപ്പൊ കിട്ടി ? ഞങ്ങളറിഞ്ഞില്ല!
ഉപ്പുതറ ∙ ആദിവാസി വിഭാഗത്തിൽപെട്ടവർക്ക് കോവിഡ് പ്രതിരോധ വാക്‌സീൻ നൽകാനായി കണ്ണംപടിയിൽ നടത്തിയ ക്യാംപിൽ വീഴ്ചയെന്ന് ആരോപണം. ടോക്കൺ ലഭിച്ചിട്ടും നിരാശരായി മടങ്ങിയവർക്കു പോലും പിന്നീട് വാക്‌സീൻ ലഭിച്ചതായി മൊബൈലിലേക്ക് അറിയിപ്പ് എത്തുകയായിരുന്നു. പട്ടിക വർഗ വകുപ്പിന്റെ നിർദേശപ്രകാരമാണ് കഴിഞ്ഞ 2ന് കണ്ണംപടി ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ ആദിവാസി വിഭാഗത്തിൽ പെട്ടവർക്കായി ക്യാംപ് നടത്തിയത്.
ആദ്യമെത്തിയ 650 പേർക്ക് ടോക്കൺ നൽകുകയും ചെയ്തു. അതിനിടെ ജനറൽ വിഭാഗത്തിൽപെട്ടവർക്കും ടോക്കൺ നൽകിയത് പ്രതിഷേധത്തിന് ഇടയാക്കി. ആദിവാസി വിഭാഗത്തിൽപെട്ടവർ അത് ചോദ്യം ചെയ്തതോടെ ഏതാനും സമയത്തിനുശേഷം വാക്‌സീൻ തീർന്നെന്ന് അറിയിച്ച് ക്യാംപ് അവസാനിപ്പിച്ചു. ഏകദേശം 400 പേർക്ക് വാക്‌സീൻ നൽകിയെന്നാണ് വിവരം. ടോക്കൺ ലഭിച്ച ഊര് മൂപ്പന്മാർ ഉൾപ്പെടെയുള്ളവർക്കാണ് വാക്‌സീൻ എടുക്കാനാകാതെ വന്നത്.
എന്നാൽ വൈകിട്ടോടെ ഇവരിൽ പലരുടെയും മൊബൈൽ ഫോണുകളിലേക്ക് അറിയിപ്പ് എത്തി. വാക്‌സീൻ സ്വീകരിച്ചെന്നും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം എന്നുമായിരുന്നു അറിയിപ്പ്. ആദ്യ ഡോസ് വാക്‌സീൻ എടുത്ത് 90 ദിവസം കഴിഞ്ഞവർ മുതൽ പ്രായമായവർക്കു വരെയാണ് ഈ രീതിയിൽ അറിയിപ്പ് ലഭിച്ചത്. ഇനി വാക്‌സീൻ ലഭിക്കുമോയെന്ന ആശങ്കയിലാണ് ഇവർ. അതേസമയം, സാങ്കേതിക പിഴവാകാം തെറ്റായ അറിയിപ്പ് ലഭിക്കാൻ കാരണമെന്നും വാക്‌സീൻ ലഭിക്കാത്തവർക്ക് അത് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും ഡിഎംഒ പറഞ്ഞു.