ഇടുക്കി കൊച്ചറയിലെ ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് ഇന്റലിജൻസ്,വിജിലൻസ് വിഭാഗങ്ങൾ അന്വേഷണ തുടങ്ങി

ബെവ്കോ ഔട്ട്ലെറ്റിലെ ക്രമക്കേടുകൾ സംബന്ധിച്ച് മാധ്യമ വാർത്തകളെ തുടർന്നാണ് നടപടി.കഴിഞ്ഞദിവസം എക്സൈസ് ഇന്റലിജൻസ് ഔട്ട്ലെറ്റിൽ പ്രാഥമിക പരിശോധന നടത്തി. പരിശോധനയിൽ സാമ്പത്തിക രേഖകളിലും ബിൽ രജിസ്റ്ററുകളിലും ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം.
മദ്യം വാങ്ങാൻ എത്തുന്നവരിൽനിന്നും യഥാർത്ഥ വിലയേക്കാൾ കൂടുതൽ ചില ഉദ്യോഗസ്ഥർ ഈടാക്കുന്നതായും, കുറഞ്ഞ വിലയിലുള്ള മദ്യം സ്‌റ്റോക്കുണ്ടെങ്കിലും കൂടുതൽ വിലയിലുള്ള മദ്യം വിൽപ്പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പ്രത്യുപകാരമായി മദ്യക്കമ്പനികളിൽ നിന്നും പ്രതിഫലം കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.ഇത് കൂടാതെ ഇതരസംസ്ഥാന തൊഴിലാളികളായ ഉപഭോക്താക്കൾക്ക് ബില്ലില്ലാതെ മദ്യം വിൽക്കുന്നതായും, ഡാമേജ് എന്ന പേരിൽ വ്യാപകമായി ക്രമക്കേട് നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥർക്കും അമിത വില
അന്വേഷണത്തിന്റെ ഭാഗമായി ഔട്ട്‌ലെറ്റിലെത്തി മദ്യം വാങ്ങിയ ബെവ്കോ ഉദ്യോഗസ്ഥനിൽ നിന്നും അമിത നിരക്ക് ഈടാക്കി. കുറഞ്ഞ നിരക്കിലുള്ള നാല് അരലിറ്റർ ബോട്ടിൽ മദ്യമാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്.ഇതിന് അധികമായി 100 രൂപയും ഔട്ട്ലെറ്റ് ജീവനക്കാർ ഈടാക്കി.അമിതവില ഈടാക്കിയ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബെവ്കോ മാനേജ്മെൻ്റിന് റിപ്പോർട്ട് നല്കിയിട്ടുണ്ട്.









































































