വിജയ്‌യെ കൂടെ നിര്‍ത്താന്‍ ശ്രമിച്ച് ബിജെപി- എഐഎഡിഎംകെ സഖ്യം; വിജയ് തങ്ങള്‍ക്കൊപ്പം വന്നാല്‍ അത്ഭുതപ്പെടേണ്ടെന്ന് കടമ്പൂര്‍ രാജു


തമിഴ് നടനും തമിഴക വെട്രി കഴകം സ്ഥാപകനുമായ വിജയ്‌യെ കൂടെ നിര്‍ത്താന്‍ ശ്രമിച്ച് ബിജെപി- എഐഎഡിഎംകെ സഖ്യം. വിജയ് സഖ്യത്തിലെത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്ന് എഐഎഡിഎംകെ മുതിര്‍ന്ന നേതാവ് കടമ്പൂര്‍ രാജു പ്രതികരിച്ചു. മുന്നണിയില്‍ ആരൊക്കെയുണ്ടെന്ന് ജനുവരിയില്‍ വ്യക്തമാകുമെന്ന് കടമ്പൂര്‍ രാജു സൂചിപ്പിച്ചു. വിജയ്‌യുടെ ലക്ഷ്യം ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കലാണെന്നും സമാനചിന്താഗതിയുള്ള പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും കടമ്പൂര്‍ രാജു പ്രതികരിച്ചു.
എഐഎഡിഎംകെ നേതാവിന്റെ ഈ പ്രതികരണത്തിന് തൊട്ടുപിന്നാലെ സഖ്യ നീക്കങ്ങള്‍ക്കായി വിജയ്‌യെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനും സ്വാഗതം ചെയ്തു. ഡിഎംകെയെ എതിര്‍ക്കുന്നവര്‍ ഒരു കുടക്കീഴില്‍ എത്തണമെന്നും ശക്തി കുറഞ്ഞവരും കൂടിയവരും ഉണ്ടാകുമെന്നുെ അദ്ദേഹം പറഞ്ഞു. ഇവരൊക്കെ ചേരുമ്പോള്‍ ഡിഎംകെയെ പുറത്താക്കാന്‍ ആകുമെന്നും നൈനാര്‍ നാഗേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഡിഎംകെയുടെ കടുത്ത വിമര്‍ശകനാണ് വിജയ് എന്നിരിക്കിലും ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്ന എഐഎഡിഎംകെയുമായി വിജയ് സഖ്യത്തിലാകാനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തലുകള്‍ വരുന്നുണ്ട്.
2026ല്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ പളനിസ്വാമിയുടെ നേതൃത്വത്തില്‍ എഐഎഡിഎംകെയും ബിജെപിയും സഖ്യമായി മത്സരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് രംഗത്ത് തുടക്കക്കാരനായതിനാല്‍ തന്നെ ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കാന്‍ വിജയ് ബിജെപിയേയും എഐഎഡിഎംകെയേയും കൂട്ടുപിടിച്ചേക്കാനിടയുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.