അമ്മയെത്തേടി ഇഷ്ടികക്കളത്തിലേക്ക് ഓടിയ കുഞ്ഞ് ലോറി കയറി മരിച്ചു
കട്ടപ്പന ∙ ഉറക്കമുണർന്ന്, അമ്മയെ അന്വേഷിച്ചിറങ്ങിയ ഒന്നര വയസ്സുള്ള കുഞ്ഞ് ലോറിയുടെ അടിയിൽപെട്ടു മരിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ ചേറ്റുകുഴിയിലെ ഇഷ്ടിക നിർമാണ യൂണിറ്റിലായിരുന്നു ദാരുണ അപകടം. ഇവിടെ ജോലി ചെയ്യുന്ന അസം സ്വദേശികളായ ദുലാൽ ഹുസൈന്റെയും ഖദീജ ബീഗത്തിന്റെയും ഏക മകൻ മരുഡ് റാബറിയാണ് അപകടത്തിൽ മരിച്ചത്.രണ്ടു വർഷം മുൻപാണ് ദുലാൽ ഇഷ്ടികക്കളത്തിൽ ജോലിക്കു വന്നത്. നാലുമാസം മുൻപ് നാട്ടിൽപോയി വന്നപ്പോൾ ഭാര്യയെയും കുഞ്ഞിനെയും കൊണ്ടുവന്നു. ഇഷ്ടികക്കളത്തിനു സമീപത്തെ തൊഴിലാളി ലയത്തിലാണ് ഇവരുടെ താമസം.
ഖദീജ ഇന്നലെ രാവിലെ എട്ടുമണിയോടെ ജോലിക്കിറങ്ങുമ്പോൾ കുട്ടി ഉറക്കമായിരുന്നു. പിന്നീട് ഉണർന്ന കുട്ടി അമ്മയെ കാണാനായി റോഡിനപ്പുറത്തുള്ള ഇഷ്ടികക്കളത്തിലേക്കു ഓടുന്നതിനിടെയാണ് ഇഷ്ടികയും കയറ്റിപ്പോകുന്ന ലോറിയുടെ അടിയിൽപെട്ടത്. കരച്ചിൽ കേട്ട് തൊഴിലാളികൾ ഓടിയെത്തിയപ്പോഴേക്കും പിൻഭാഗത്തെ ടയറുകൾ കുഞ്ഞിന്റെ ദേഹത്ത് കയറിയിറങ്ങി. ലോറി നിർത്താതെ പോവുകയും ചെയ്തു.
പിന്നാലെയെത്തിയ മറ്റൊരു ലോറിയിൽ കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കട്ടപ്പനയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവൻ പൊലിഞ്ഞിരുന്നു. അപകടത്തിന് ഇടയാക്കിയ ലോറിയുടെ ഡ്രൈവർ ചേറ്റുകുഴി കാവിൽ മനോജ് മാത്യുവിനെ (40) വണ്ടൻമേട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്തശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.