തൊമ്മൻകുത്തില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

തൊമ്മൻകുത്ത്: കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. തൊമ്മൻകുത്ത് നാല്പതേക്കര്‍ ഭാഗത്താണ് ഞായറാഴ്ച പുലര്‍ച്ചെ കാട്ടാനകളുടെ ആക്രമണമുണ്ടായത്. നാല്പതേക്കര്‍ കുന്നുമ്മേല്‍ ജേക്കബിന്‍റെ പുരയിടത്തിലെ കുലയ്ക്കാറായ ഇരുനൂറോളം വാഴകള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചു. മൂന്ന് ആനകളാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നും ഈ ഭാഗത്ത് കാട്ടാനകള്‍ ഇറങ്ങുന്നത് ആദ്യമായിട്ടാണെന്നും നാട്ടുകാര്‍ പറഞ്ഞു.
അപ്രതീക്ഷിതമായി കാട്ടാനശല്യം ഉണ്ടായതിനാല്‍ ആരും സംഭവം അറിഞ്ഞില്ല. ഇന്നലെ രാവിലെ പുരയിടത്തിലെ വാഴകള്‍ ചവിട്ടി മെതിച്ചും ഒടിഞ്ഞും കിടക്കുന്നതു കണ്ട് പരിശോധിച്ചപ്പോഴാണ് ആനകളുടെ ആക്രമണമുണ്ടായതെന്ന് വ്യക്തമായത്.
കൃഷിയിടത്തില്‍നിന്നു പിൻവാങ്ങിയ ആനക്കൂട്ടം അടുത്ത തേക്കിൻകൂപ്പില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അതിനാല്‍ ആനകള്‍ വീണ്ടും കൃഷിയിടത്തിലിറങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.









































































