ഇങ്ങനെ ചെയ്താൽ ബാൽക്കണിയിലും വിളയും മധുരമൂറം പേരയ്ക്ക! അറിഞ്ഞിരിക്കണം ഈ 6 കാര്യങ്ങൾ

നഗരങ്ങളിലെ ഫ്ലാറ്റ് ജീവിതത്തിൽ സ്വന്തമായി ഒരു പച്ചക്കറിത്തോട്ടമോ ഫലവൃക്ഷങ്ങളോ വളർത്തുക എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ സ്ഥലപരിമിതി ഓർത്ത് ഈ ആഗ്രഹം മാറ്റിവയ്ക്കേണ്ടതില്ല. ഇന്ന് ബാൽക്കണികളിലെ ചട്ടികളിൽ വളരെ വിജയകരമായി വളർത്താൻ കഴിയുന്ന ഒന്നാണ് നമ്മുടെ നാടൻ പേരയ്ക്ക. കുറഞ്ഞ പരിചരണവും കൃത്യമായ സൂര്യപ്രകാശവും ഉണ്ടെങ്കിൽ മധുരമുള്ള പേരയ്ക്കകൾ നിങ്ങളുടെ ബാൽക്കണിയിലും വിരിയും. തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ ബാൽക്കണിയിൽ പേരയ്ക്ക വളർത്തിയെടുക്കാം.
∙ മികച്ച ഇനം തിരഞ്ഞെടുക്കുക
ഒരു ചട്ടിയിൽ പേരയ്ക്ക വളർത്തുമ്പോൾ ഏറ്റവും പ്രധാനം അതിന്റെ ഇനം തിരഞ്ഞെടുക്കുന്നതാണ്. വിത്തുപാകി വളർത്തുന്ന പേരച്ചെടികൾ കായ്ക്കാൻ വർഷങ്ങളെടുക്കും കൂടാതെ അവ വലിയ മരങ്ങളായി വളരുകയും ചെയ്യും. അതിനാൽ ബാൽക്കണി കൃഷിക്ക് എപ്പോഴും കുള്ളൻ ഇനങ്ങളോ അല്ലെങ്കിൽ ഒട്ടിച്ച തൈകളോ തിരഞ്ഞെടുക്കുക.
ഒട്ടിച്ച തൈകൾ ചട്ടികളിലെ പരിമിതമായ മണ്ണുമായി വേഗത്തിൽ പൊരുത്തപ്പെടുകയും വളരെ കുറഞ്ഞ കാലം കൊണ്ട് (പലപ്പോഴും ആദ്യ വർഷം തന്നെ) കായ്ച്ചു തുടങ്ങുകയും ചെയ്യും. നഴ്സറികളിൽ നിന്ന് വാങ്ങുമ്പോൾ നല്ല പച്ചപ്പുള്ള ഇലകളും രോഗബാധയില്ലാത്ത കട്ടിയുള്ള തണ്ടുകളുമുള്ള ആരോഗ്യകരമായ തൈകൾ നോക്കി തിരഞ്ഞെടുക്കുക.
∙ അനുയോജ്യമായ ചട്ടി തിരഞ്ഞെടുക്കുക
പേരച്ചെടികളുടെ വേരുകൾക്ക് നന്നായി പടരാൻ ആവശ്യത്തിന് സ്ഥലം വേണം. അതിനാൽ ചെറിയ ചട്ടികൾ ഒഴിവാക്കി 18 മുതൽ 24 ഇഞ്ച് വരെ ആഴവും വ്യാസവുമുള്ള വലിയ ചട്ടികളോ ഗ്രോ ബാഗുകളോ തിരഞ്ഞെടുക്കുക. ചട്ടിയുടെ അടിയിൽ വെള്ളം വാർന്നുപോകാൻ ആവശ്യത്തിന് ഡ്രെയിനേജ് ദ്വാരങ്ങൾ ഉണ്ടായിരിക്കണം. വെള്ളം കെട്ടിക്കിടന്നാൽ വേരുചീയൽ വന്ന് ചെടി നശിച്ചുപോകും. ചട്ടിയുടെ അടിയിൽ മണ്ണ് നിറയ്ക്കുന്നതിന് മുൻപായി ചെറിയ കല്ലുകളോ ഓട്ടുകഷ്ണങ്ങളോ നിരത്തുക. ഇത് അധികമുള്ള വെള്ളം എളുപ്പത്തിൽ വാർന്നുപോകാൻ സഹായിക്കും.
∙ പോഷകസമൃദ്ധമായ മണ്ണ് ഒരുക്കാം
ഫലവൃക്ഷങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും മികച്ച വിളവിനും മണ്ണിലെ പോഷകങ്ങൾ അത്യാവശ്യമാണ്. ചട്ടിയിലെ മണ്ണ് എപ്പോഴും അയഞ്ഞതും വെള്ളം കെട്ടിനിൽക്കാത്തതുമായിരിക്കണം. 40 ശതമാനംഉപരിതല മണ്ണും 30 ശതമാനം ജൈവവളം/ചാണകപ്പൊടി/കമ്പോസ്റ്റ് എന്നിവയിലേതെങ്കിലും ആയിരിക്കണം. ഈർപ്പം നിലനിർത്താൻ 20 ശതമാനം ചകിരിചോറും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ 10 ശതമാനം മണലും ചേർക്കണം. ഇതിനോടൊപ്പം അല്പം വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ചേർക്കുന്നത് വേരുകളുടെ വളർച്ചയെ വേഗത്തിലാക്കും.
∙ സൂര്യപ്രകാശം ‘മസ്റ്റ്’
പേരച്ചെടി ഒരു സൂര്യപ്രിയ സസ്യമാണ്. ദിവസവും കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ബാൽക്കണികളിൽ വേണം ഇവ സ്ഥാപിക്കാൻ. സൂര്യപ്രകാശം കുറവാണെങ്കിൽ ചെടിയുടെ വളർച്ച മന്ദഗതിയിലാവുകയും പൂവിടുന്നത് കുറയുകയും ചെയ്യും. ചെടിയുടെ എല്ലാ ഭാഗത്തും ഒരേപോലെ വെളിച്ചം ലഭിക്കാൻ ആഴ്ചയിലൊരിക്കൽ ചട്ടി ചെറുതായി തിരിച്ചു വെക്കുന്നത് നല്ലതാണ്. ഇത് എല്ലാ ശാഖകളും ഒരേപോലെ ശക്തമാകാൻ സഹായിക്കും.
∙ നനയ്ക്കലും കൊമ്പുകോതലും
ഒരു കണ്ടെയ്നർ ഗാർഡനിൽ ചെടികൾക്ക് നൽകുന്ന പരിചരണം വളരെ കൃത്യമായിരിക്കണം. ചൂടുകാലത്ത് ദിവസവും നനയ്ക്കണം. എന്നാൽ മണ്ണിൽ എപ്പോഴും ചെളിപ്പരുവം ഉണ്ടാകരുത്. നനയ്ക്കുന്നതിന് മുൻപ് വിരൽ ഉപയോഗിച്ച് മണ്ണിന്റെ മുകൾഭാഗം വരണ്ടതാണോ എന്ന് പരിശോധിച്ച് മാത്രം വെള്ളമൊഴിക്കുക. ചട്ടിയിൽ വളർത്തുന്നതിനാൽ ചെടിയുടെ ആകൃതി നിലനിർത്താൻ കൊമ്പുകോതൽ അത്യാവശ്യമാണ്. ഉണങ്ങിയതും ബലമില്ലാത്തതുമായ ശാഖകൾ മുറിച്ചു മാറ്റുക. ഇത് പുതിയ ശാഖകൾ ഉണ്ടാകാനും, ചെടി കൂടുതൽ പടർന്ന് പന്തലിച്ച് ധാരാളം പൂക്കൾ പിടിക്കാനും സഹായിക്കും.
∙ കാത്തിരിപ്പും വിളവെടുപ്പും
ഫലവൃക്ഷങ്ങൾ വളർത്തുമ്പോൾ ഏറ്റവും വേണ്ടത് അല്പം ക്ഷമയാണ്. നമ്മൾ നൽകുന്ന പരിചരണം, കാലാവസ്ഥ, മണ്ണിന്റെ ഗുണം എന്നിവയെ ആശ്രയിച്ച് 1 മുതൽ 3 വർഷത്തിനുള്ളിൽ ചെടി പൂർണമായും കായ്ക്കാൻ തുടങ്ങും. തുടക്കത്തിൽ ഉണ്ടാകുന്ന പൂക്കൾ കൊഴിഞ്ഞുപോയാലും നിരാശപ്പെടേണ്ടതില്ല, ചെടി കൂടുതൽ കരുത്താർജ്ജിക്കുന്നതോടെ മികച്ച ഫലം തരും. കൃത്യമായ ഇടവേളകളിൽ ജൈവവളങ്ങളും (കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്, കഞ്ഞിവെള്ളം മുതലായവ) നൽകിയാൽ ബാൽക്കണിയിലെ കുട്ടിപ്പേരമരം പഴങ്ങൾ കൊണ്ട് നിറയും എന്നതിൽ സംശയമില്ല.






































































































