കൊപ്രവില താങ്ങുവിലയിലും താഴേക്ക്; കേരകർഷകർക്ക് തിരിച്ചടി

പാലക്കാട്: സംസ്ഥാനത്തെ കേരകർഷകർക്ക് തിരിച്ചടിയായി പച്ചക്കൊപ്രയുടെ വിപണിവില താങ്ങുവിലയിലും താഴേക്ക്. കിലോഗ്രാമിന് 105 മുതൽ 120 രൂപവരെയാണ് ചൊവ്വാഴ്ചത്തെ വിപണിവില. നാഫെഡിന്റെ സംഭരണവിലയായ 120.27 രൂപയിലും താഴേക്ക് കൊപ്രവില എത്തിയതോടെ കേരകർഷകർ കടുത്ത ആശങ്കയിലാണ്. മുൻപ്, കിലോഗ്രാമിന് 294 രൂപവരെ എത്തിയിരുന്നു. കേരളത്തിനുപുറമേ, തമിഴ്നാട്ടിലും ഉത്പാദനം കൂടിയതോടെയാണ് വില കുത്തനെയിടിഞ്ഞത്.
നാഫെഡും കേരഫെഡുമടക്കമുള്ള ഏജൻസികൾ കൊപ്രസംഭരണത്തിൽനിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ വില ഇനിയും ഇടിയുമെന്ന ആശങ്കയിലാണ് കർഷകർ. രാസവളവില കൂടിയതിനുപുറമേ, ഉത്പാദനച്ചെലവിലുണ്ടായ വർധനയും കണക്കിലെടുത്ത് താങ്ങുവില 130 രൂപയായി ഉയർത്തി, നാഫെഡ് വഴി സംഭരണം ആരംഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം. രണ്ടുവർഷംമുൻപാണ് താങ്ങുവില നിശ്ചയിച്ചത്. നന്നായി ഉണക്കിയ കൊപ്രയ്ക്ക് 126 രൂപയും സൾഫർ ചേർക്കാത്തതിന് 130 രൂപയും വിപണിയിൽ ലഭിക്കുമെങ്കിലും മഴക്കാലമെത്തിയതോടെ കൊപ്ര ഉണക്കിയെടുക്കുന്നതിനും ബുദ്ധിമുട്ടുണ്ട്.
സംഭരണവിലയേക്കാൾ കാര്യമായ കുറവ് വിപണിവിലയിലുണ്ടായാൽ മാത്രമേ, സംഭരണം തുടങ്ങാനാകൂ എന്ന് നാഫെഡ് അധികൃതർ പറയുന്നു. നാഫെഡിനെ ആശ്രയിക്കുന്ന കേരഫെഡും പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളും സംഭരണക്കാര്യത്തിൽ മനസ്സുതുറന്നിട്ടില്ല. വിപണി നിരീക്ഷിച്ചുവരുന്നതായും സംഭരണരംഗത്തിറങ്ങാൻ സർക്കാരിന്റെ പ്രത്യേക നിർദേശവും സാമ്പത്തികപിന്തുണയും അനിവാര്യമാണെന്നും കേരഫെഡ് അധികൃതർ പറയുന്നു.
ഇതിനിടെ, പാലക്കാട്, കോഴിക്കോട് ജില്ലകളിലടക്കം വിറ്റഴിക്കാനാവാതെ തേങ്ങ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. കൊപ്രവിലയിലുണ്ടായ ഇടിവാണ് പ്രധാനകാരണം. എണ്ണ ഉത്പാദനത്തിനുള്ള ചെറുകിട-ഇടത്തരം കമ്പനികളൊഴികെ പ്രാദേശികതലത്തിൽ കൊപ്ര വിപണിയിൽ രംഗത്തിറങ്ങിയിട്ടില്ല. പച്ചത്തേങ്ങ കിലോയ്ക്ക് 40 രൂപവരെ ലഭിക്കുന്നുണ്ട്. എന്നാൽ, ഇതിനെമാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ലെന്ന് കർഷകർ പറയുന്നു.







































































































