San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഒരു ചെലവുമില്ലാതെ കൃഷി, തുള്ളിനനയ്ക്ക് പ്ലാസ്റ്റിക് കുപ്പികൾ, ഈർപ്പം നിലനിർത്താൻ പത്രങ്ങൾ; അറിയാം ഈ എളുപ്പവഴികൾ



നഗരങ്ങളിലെ പരിമിതമായ സ്ഥലസൗകര്യങ്ങളിൽ പച്ചക്കറികളും ഔഷധസസ്യങ്ങളും പൂച്ചെടികളും വളർത്തുന്നത് ഇന്ന് വലിയൊരു തരംഗമായി മാറിയിരിക്കുകയാണ്. എന്നാൽ ടെറസ് ഗാർഡനിങ് തുടങ്ങാൻ വലിയ വിലയുള്ള ഉപകരണങ്ങളും സങ്കീർണമായ വളങ്ങളും വൻ നിക്ഷേപവും ആവശ്യമാണെന്ന് കരുതുന്നവരാണ് ഭൂരിഭാഗം തുടക്കക്കാരും. എന്നാൽ പരിചയസമ്പന്നരായ തോട്ടക്കാർക്ക് പറയാനുള്ളത് മറ്റൊന്നാണ്. നമ്മുടെ വീട്ടിൽ തന്നെയുള്ള സാധാരണ സാധനങ്ങൾ ഉപയോഗിച്ച്, കുറഞ്ഞ ചെലവിൽ ചെയ്യാവുന്ന ചില ഗാർഡനിങ് ഹാക്കുകൾ അറിയാം.

∙ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടൊരു തുള്ളിനന
വേനൽക്കാലത്ത് ചെടികൾക്ക് ആവശ്യത്തിന് ഈർപ്പം നിലനിർത്തുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഇതിനായി പണം മുടക്കി ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റം വാങ്ങുന്നതിന് പകരം ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ മികച്ചൊരു തുള്ളിനന സംവിധാനമാക്കി മാറ്റാം. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പിലോ അടിഭാഗത്തോ ചെറിയ ദ്വാരങ്ങൾ ഇടുക. അതിനുശേഷം ഇവയിൽ വെള്ളം നിറച്ച് ചെടിയുടെ ചുവട്ടിലെ മണ്ണിൽ തലകീഴായോ അല്ലെങ്കിൽ നേരെ തന്നെയോ താഴ്ത്തി വയ്ക്കുക. വെള്ളം ഒന്നിച്ച് ഒഴുകിപ്പോകാതെ, തുള്ളികളായി സാവധാനം മണ്ണിലേക്ക് ഇറങ്ങാൻ ഇത് സഹായിക്കും. ജോലിത്തിരക്കുള്ളവർക്കും യാത്ര പോകുന്നവർക്കും ചെടികൾ വേഗത്തിൽ ഉണങ്ങിപ്പോകാതിരിക്കാൻ ഈ ഹാക്ക് ഏറെ ഉപകാരപ്രദമാണ്. ഇത് ജലനഷ്ടം വൻതോതിൽ കുറയ്ക്കുന്നു.

∙ മണ്ണിന് കരുത്തേകാൻ ചായപ്പൊടി
നമ്മൾ ദിവസവും ചായ ഉണ്ടാക്കിയ ശേഷം കളയുന്ന തേയില അവശിഷ്ടങ്ങൾ ചെടികൾക്കുള്ള മികച്ചൊരു ജൈവ ഉത്തേജനമാണ്. ഉപയോഗിച്ച ചായപ്പൊടി നന്നായി കഴുകി (പഞ്ചസാരയുടെയും പാലിന്റെയും അംശം പൂർണമായും കളയാൻ) ഉണക്കിയെടുക്കുക. ഇത് ചെറിയ അളവിൽ ചെടികളുടെ ചുവട്ടിലെ മണ്ണിൽ നേരിട്ട് ചേർത്തു കൊടുക്കാം അല്ലെങ്കിൽ കമ്പോസ്റ്റിൽ ഇടാം. പൂച്ചെടികളുടെ വളർച്ചയ്ക്ക് ഇത് വളരെ നല്ലതാണെങ്കിലും അമിതമാകരുത്. കൂടുതൽ അളവിൽ തേയില അവശിഷ്ടങ്ങൾ ചേർത്താൽ മണ്ണിന്റെ അസിഡിറ്റി കൂടാനും ഫംഗസ് അണുബാധ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക.

∙ പരിസ്ഥിതി സൗഹൃദ ‘ചിരട്ട’ പ്ലാന്ററുകൾ
നമ്മുടെ അടുക്കളകളിൽ എളുപ്പം ലഭ്യമാകുന്ന തേങ്ങ ചിരട്ടകൾ മനോഹരമായ കുട്ടിച്ചട്ടികളാക്കി മാറ്റാം. പ്ലാസ്റ്റിക് ചട്ടികൾക്ക് പകരമായി ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച പ്രകൃതിദത്ത ബദലാണിത്. ചിരട്ടയുടെ അടിഭാഗത്ത് വെള്ളം വാർന്നുപോകാനായി ചെറിയൊരു ദ്വാരമിടുക. അതിൽ ഭാരം കുറഞ്ഞ പോട്ടിങ് മിശ്രിതം നിറച്ച് ചെറിയ ഔഷധസസ്യങ്ങളോ, ചീരയോ, അലങ്കാര പൂച്ചെടികളോ നട്ടുപിടിപ്പിക്കാം. ബാൽക്കണിയിലെയും ടെറസിലെയും ചെറിയ സ്ഥലങ്ങളിൽ വയ്ക്കാൻ ഇത് വളരെ അനുയോജ്യമാണ്. തികച്ചും ചെലവില്ലാത്ത ഈ മാർഗം പൂന്തോട്ടത്തിന് ആകർഷകമായ ഒരു നാടൻ ഭംഗിയും നൽകുന്നു.


∙ കീടങ്ങളെ തുരത്താൻ പ്രകൃതിദത്ത വേപ്പ് സ്പ്രേ
രാസകീടനാശിനികൾ ചെടികളുടെയും നമ്മുടെയും ആരോഗ്യത്തിന് ഹാനികരമാണ്. ഇതിന് പകരമായി ഇന്ത്യയിൽ പണ്ടുകാലം തൊട്ടേ ഉപയോഗിച്ചുവരുന്ന വേപ്പ് അടിസ്ഥാനമാക്കിയുള്ള സ്പ്രേകൾ കീടബാധ തടയാൻ ഉത്തമമാണ്. വേപ്പില തിളപ്പിച്ച വെള്ളമോ അല്ലെങ്കിൽ വിപണിയിൽ 50 രൂപയിൽ താഴെ വിലയ്ക്ക് വാങ്ങാൻ കിട്ടുന്ന വേപ്പെണ്ണയോ ഇതിനായി ഉപയോഗിക്കാം. ഒരു ലീറ്റർ വെള്ളത്തിൽ അല്പം വേപ്പെണ്ണയും ഏതാനും തുള്ളി ലിക്വിഡ് സോപ്പും (എമൽസിഫയറായി പ്രവർത്തിക്കാൻ) ചേർത്ത് നന്നായി ഇളക്കി സ്പ്രേ തയാറാക്കാം. ആഴ്ചയിലൊരിക്കൽ ഈ ലായനി ഇലകളിൽ തളിക്കുന്നത് ഇലപ്പേൻ, വെള്ളീച്ച, മറ്റ് ചെറുപ്രാണികൾ എന്നിവയെ ചെടികളിൽ നിന്ന് അകറ്റി നിർത്തും.

∙ ഈർപ്പം നിലനിർത്താൻ പഴയ പത്രങ്ങൾ
ചെടിച്ചട്ടികളിലെ വെള്ളം വേഗത്തിൽ ബാഷ്പീകരിച്ചു പോകാതിരിക്കാൻ പഴയ പത്രങ്ങൾ ഉപയോഗിച്ച് മണ്ണ് മൂടാം. പത്രക്കടലാസുകൾ ചെടിയുടെ ചുവട്ടിലെ മണ്ണിൽ നിരത്തിയിടുകയോ ചെറിയ കഷണങ്ങളാക്കി മുറിച്ച് മണ്ണിന് മുകളിൽ വിരിക്കുകയോ ചെയ്യാം. കൂടാതെ, കമ്പോസ്റ്റ് ബിന്നുകളുടെ അടിയിലും ചട്ടികളുടെ അടിത്തട്ടിൽ മണ്ണ് ഒലിച്ചുപോകാതിരിക്കാനും പത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത് മണ്ണിലെ ഈർപ്പം ദീർഘനേരം നിലനിർത്താൻ സഹായിക്കുന്നു. അതോടൊപ്പം സൂര്യപ്രകാശം നേരിട്ട് മണ്ണിൽ അടിക്കുന്നത് തടയുന്നതിനാൽ അനാവശ്യമായ കളകൾ വളരുന്നത് ഒരു പരിധി വരെ തടയാനും ഇതിന് സാധിക്കും. പച്ചപ്പ് നിറഞ്ഞ ഒരു മനോഹരമായ പൂന്തോട്ടം ഉണ്ടാക്കിയെടുക്കാൻ വലിയ സാമ്പത്തിക നിക്ഷേപമല്ല പ്രധാനം. മറിച്ച്, നിങ്ങളുടെ സർഗാത്മകതയും ശരിയായ പരിചരണവും ഇത്തരം ചെറിയ ബുദ്ധിപരമായ ഇടപെടലുകളുമാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!