ഇടുക്കിയില്‍ സാംസ്‌കാരിക സമുച്ചയത്തിന്നാലേക്കര്‍ ഭൂമി കൈമാറി: മന്ത്രി റോഷി. ആംഫി തീയറ്ററും എസി ഓഡിറ്റോറിയവും ലൈബ്രറിയും സമുച്ചയത്തിന്റെ ഭാഗമാകും


തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനി അക്കാമ്മ ചെറിയാന്റെ പേരിലുള്ള സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുന്നതിനായി ഇടുക്കിയില്‍ നാലേക്കര്‍ സ്ഥലം സാംസ്‌കാരിക വകുപ്പിന് കൈമാറി റവന്യൂ വകുപ്പ് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇടുക്കി ആര്‍ച്ച് ഡാമിനോട് ചേര്‍ന്നാണ് സാംസ്‌കാരിക മ്യൂസിയം നിര്‍മിക്കുക. ഇതടക്കം വലിയ വികസന പദ്ധതികളാണ് വിനോദ സഞ്ചാരികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.റവന്യൂ വകുപ്പിന്റെ കൈവശമുള്ള ഭൂമി ഉപാധികളോടെയാണ് സാംസ്‌കാരിക വകുപ്പിന് കൈമാറിയിട്ടുള്ളത്. ഏറെ ശ്രമഫലമായാണ് വിവിധ വകുപ്പുകളില്‍ നിന്ന് പദ്ധതിക്കായി മതിയായ ക്ലിയറന്‍സുകള്‍ ലഭിച്ചതെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ സാംസ്‌കാരിക വകുപ്പിന്റെ നാലാമത്തെ സമുച്ചയമാകും ഇടുക്കിയിലേത്. കാസര്‍കോഡ്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് മറ്റ് മൂന്നു സാംസ്‌കാരിക സമുച്ചയങ്ങള്‍. ആംഫി തീയറ്റര്‍, ശീതികരിച്ച ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍, ക്ലാസ് മുറികള്‍, ഗാലറി, എക്‌സിബിഷന്‍ ഹാളുകള്‍, ശില്‍പശാല ഹാളുകള്‍, ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി, ക്രാഫ്റ്റ് മ്യൂസിയം എന്നിവ അടങ്ങുന്നതാണ് സാംസ്‌കാരിക സമുച്ചയമെന്നും മന്ത്രി അറിയിച്ചു.