KPCC അധ്യക്ഷ സ്ഥാനം; ‘മനോവീര്യം തകർക്കരുത്; തീരുമാനം എന്തായാലും വേഗത്തിൽ ഉണ്ടാകണം’; യൂത്ത് കോൺഗ്രസ്


കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വത്തിൽ യൂത്ത് കോൺഗ്രസിന് പ്രതിഷേധം. മനോവീര്യം തകർക്കരുതെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. തീരുമാനം എന്തായാലും വേഗത്തിൽ ഉണ്ടാകണമെന്ന് സംസ്ഥാന അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിൽ പറഞ്ഞു. നിലവിലെ അനിശ്ചിതത്വം പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതെന്ന് രാഹുൽ പറഞ്ഞു.
കെ.സുധാകരന്റെ എതിർപ്പ് മുഖവിലയ്ക്കെടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകാനാണ് ഹൈക്കമാൻ്റ് നീക്കം. കെ.സുധാകരനുമായി ഹൈക്കമാൻ്റ് ഒരുതവണകൂടി ആശയവിനിമയം നടത്തിയേക്കും.കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിലെ അനിശ്ചിതത്വത്തിൽ അത്യപ്തിയുമായി യൂത്ത് കോൺഗ്രസും രംഗത്ത് എത്തി.അതേ സമയം കെപിസിസി ആസ്ഥാനത്തെത്തിയ കെ സുധാകരൻ പ്രതികരിക്കാൻ തയ്യാറായില്ല.
കെ സുധാകരൻ ഇന്നലെ നടത്തിയ പ്രതികരണത്തിൽ ഹൈക്കമാൻ്റിന് കടുത്ത അത്യപ്തിയുണ്ട്. ഡൽഹിയിൽ സമവായത്തിൽ എത്തിയശേഷം കേരളത്തിൽ എത്തി നിലപാട് മാറ്റിയത് എന്തുകൊണ്ട് എന്നത് ഹൈക്കമാൻഡ് പരിശോധിക്കും.അപ്പോഴും സുധാകരനെ നീക്കാനുള്ള തീരുമാനത്തിൽ നിന്നും ഹൈക്കമാൻഡ് പിന്നോട്ടില്ല.കെ.സി വേണുഗോപാൽ സുധാകരനുമായി ടെലഫോണിൽ ആശയവിനിമയം നടത്തും. സുധാകരനെ കൂടി വിശ്വാസത്തിൽ എടുത്തുവെന്ന് ഉറപ്പുവരുത്തിയശേഷം പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. ആൻ്റോ ആൻ്റണിക്ക് തന്നെയാണ് മുൻഗണന.കടുത്ത അമർഷത്തിലുള്ള കെ സുധാകരൻ കെപിസിസി ആസ്ഥാനത്തെത്തിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.