ഗ്യാലറി പോയിട്ട് അതിന്റെ മേല്‍ക്കൂരയില്‍ പോലും വീണില്ല; പടുകൂറ്റന്‍ സിക്‌സര്‍ പറത്തി പഞ്ചാബ് താരം ശശാങ്ക്


ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണിലെ കൂറ്റന്‍ സിക്‌സര്‍ ഇന്നലെ ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ പിറന്നതായിരിക്കണം. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പവര്‍ ഹിറ്റ് താരം ശശാങ്ക് സിംഗിന്റെ ബാറ്റില്‍ നിന്ന് ഗ്യാലറിയെ കോരിത്തരിപ്പിച്ച സിക്‌സര്‍ പറന്നത്. ടോപ്പ് ഗ്യാലറിയും അതിന്റെ മേല്‍ക്കൂരയും കടന്ന് മൈതാനത്തിന് പുറത്തേക്ക് ചെന്നുവീഴുന്ന പന്തിനെ സഹതാരങ്ങള്‍ പോലും തുറന്ന വായില്‍ നോക്കിനിന്നുപോയി. സീസണിലെ അമ്പരപ്പിക്കുന്ന നിമിഷങ്ങളിലൊന്നായിരുന്നു അത്.
പഞ്ചാബ് ഇന്നിംഗ്സിന്റെ പതിനേഴാം ഓവറിലാണ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് പേസര്‍ മായങ്ക് യാദവ് എറിഞ്ഞ ഷോര്‍ട്ട് ബോളാണ് ശശാങ്ക് ‘ആകാശംമുട്ടെ’ ഉയരത്തില്‍ പറത്തിക്കളഞ്ഞത്. ഷോര്‍ട്ട് ബോള്‍ പ്രതീക്ഷിച്ച ശശാങ്ക് കൃത്യസമയത്ത് തന്നെ പന്ത് ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ ഉയര്‍ത്തിവിടുകയായിരുന്നു. കാണികളെയും കളിക്കാരെയും ഒരുപോലെ അമ്പരപ്പിച്ച സിക്‌സര്‍ ടൂര്‍ണമെന്റില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ സിക്‌സര്‍ തന്നെയെന്ന് കമന്റേറ്റര്‍മാരും വിശേഷിപ്പിച്ചു. ഡെത്ത് ഓവറുകളില്‍ നിന്ന് ഇത്തരം പ്രകടനങ്ങള്‍ കൊണ്ട് മത്സരത്തെ മാറ്റിമറിക്കാനുള്ള ശശാങ്കിന്റെ കഴിവാണ് ഇന്നലെ ധര്‍മ്മശാലയില്‍ കാണാനായത്.