‘ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്താൽ പട്ടികജാതി പദവി നഷ്ടപ്പെടും’: ഹർജി പരിഗണിക്കവെ ആന്ധ്ര ഹൈക്കോടതി


പട്ടികജാതി (എസ്‌സി) വിഭാഗത്തിൽപ്പെട്ട വ്യക്തികൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്താൽ ഉടൻ തന്നെ അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. അതുവഴി പട്ടികജാതി/പട്ടികവർഗ നിയമപ്രകാരമുള്ള സംരക്ഷണം നഷ്ടപ്പെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഗുണ്ടൂർ ജില്ലയിലെ കൊത്തപാലെമിൽ നിന്നുള്ള പാസ്റ്റർ ചിന്താട ആനന്ദ് ഉൾപ്പെട്ട കേസിൽ ജസ്റ്റിസ് എൻ ഹരിനാഥാണ് വിധി പുറപ്പെടുവിച്ചത്. 2021 ജനുവരിയിലാണ് അക്കാല റാമിറെഡ്ഡി എന്നയാള്‍പ്പെട്ട സംഘം ജാതിയുടെ പേരിൽ അധിക്ഷേപിച്ചതായി ആനന്ദ് ചന്ദോളു പൊലീസിൽ പരാതി നൽകിയത്. പട്ടികജാതി/പട്ടികവർഗ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് റാമിറെഡ്ഡിയും കൂട്ടരും ഹൈക്കോടതിയെ സമീപിച്ചു.
ക്രിസ്തുമതത്തിലേക്ക് മാറി പത്ത് വർഷമായി പാസ്റ്ററായി സേവനമനുഷ്ഠിക്കുന്ന ആനന്ദിന് പട്ടികജാതിയുമായി ബന്ധപ്പെട്ട 1950-ലെ ഭരണഘടന ഉത്തരവ് അനുസരിച്ച് പട്ടികജാതി അംഗമായി തുടരാൻ യോഗ്യത ഇല്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകനായ ഫാനി ദത്ത് വാദിച്ചു. ഹിന്ദുമതം ഒഴികെയുള്ള ഒരു മതം സ്വീകരിക്കുന്ന പട്ടികജാതി വ്യക്തികൾക്ക് അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്നാണ് ഉത്തരവിൽ പറയുന്നതെന്ന് ഫാനി ദത്ത് കോടതിയില്‍ വാദിച്ചു.
എസ്‌സി, എസ്ടി സമൂഹങ്ങളെ വിവേചനത്തിൽ നിന്നും അതിക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനാണ് എസ്‌സി/എസ്ടി നിയമം നടപ്പിലാക്കിയതെങ്കിലും മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവർക്ക് അതിലെ വ്യവസ്ഥകൾ ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യാജ പരാതി നൽകി ആനന്ദ് എസ്‌സി/എസ്ടി നിയമം ദുരുപയോഗം ചെയ്‌തതായും കോടതി കണ്ടെത്തി. വ്യക്തമായി അന്വേഷണങ്ങൾ നടത്താതെ കേസ് രജിസ്റ്റർ ചെയ്തതിന് പൊലീസിനെ കോടതി വിമർശിച്ചു. ആനന്ദിന്റെ പരാതിക്ക് നിയമപരമായ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഹരിനാഥ്, റാമിറെഡ്ഡിക്കും മറ്റുള്ളവർക്കുമെതിരായ കേസ് കോടതി റദ്ദാക്കി. ആനന്ദിന്റെ ജാതി സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.