BSF ജവാനെ വിട്ടു നൽകാതെ പാകിസ്താൻ; മൂന്ന് ഫ്ലാഗ് മീറ്റിങ്ങുകളോടും പ്രതികരിച്ചില്ല


അതിർത്തി കടന്നെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബി എസ് എഫ് ജവാനെ ആറു ദിവസം പിന്നിട്ടിട്ടും പാക്കിസ്ഥാൻ വിട്ടു നൽകിയിട്ടില്ല. ഇന്ത്യ ഇതിനോടകം വിളിച്ച് മൂന്ന് ഫ്ലാഗ് മീറ്റിങ്ങുകളോടും പാക്കിസ്ഥാൻ പ്രതികരിച്ചില്ല. ബിഎസ്എഫ് ജവാൻ പി.കെ ഷായെ ഉടൻ മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും മകനും മാതാപിതാക്കളും പഞ്ചാബിൽ എത്തി ബിഎസ്എഫ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ശേഷം ഡൽഹിയിലെത്തി കേന്ദ്രമന്ത്രിമാരെ കാണാനും ആലോചനയുണ്ട്.
അതേസമയം അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്ഥാൻ. കുപ്വാരയിലും ബാരമുള്ളയിലും രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള അഗ്നൂരിലും പാക്ക് പോസ്റ്റുകളിൽ നിന്ന് വെടിവെപ്പുണ്ടായി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. പാക്കിസ്ഥാനെതിരെ ഇന്ത്യ കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്തിയേക്കും. പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമ മേഖലയിലേക്ക് അനുമതി നിഷേധിക്കും. ഇന്ത്യൻ തുറമുഖങ്ങളിൽ പാക് കപ്പലുകൾക്ക് നിരോധനം ഏർപ്പെടുത്തിയേക്കും.