മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട സാലറി ചലഞ്ച്: അപേക്ഷ ഇല്ലെങ്കിലും ശമ്പളം പിടിക്കും


മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട സാലറി ചലഞ്ചില്‍ പിഎഫില്‍ നിന്ന് കിഴിവ് ചെയ്യാനും, ആര്‍ജിത അവധി സറണ്ടര്‍ ചെയ്യാനും സന്നദ്ധത അറിയിച്ചിട്ടുള്ള ജീവനക്കാരുടെ തുക പിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഇതിനായി ജീവനക്കാരുടെ അപേക്ഷക്കായി ഇനി കാത്തിരിക്കേണ്ടെന്നും ധനകാര്യ വകുപ്പ് ഉത്തരവിറക്കി. പല ജീവനക്കാരും അനുമതി അപേക്ഷ നല്‍കാത്തതിനാല്‍ പ്രതീക്ഷിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കിട്ടാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് പിന്നാലെയാണ് ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ച് ദിവസത്തില്‍ കുറയാത്ത ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് സാലറി ചലഞ്ച് തുടങ്ങിയത്. തുടര്‍ന്ന് ചില ജീവനക്കാര്‍ ശമ്പളത്തില്‍ നിന്നും പിഎഫില്‍ നിന്ന് ലീവ് സറണ്ടറില്‍ നിന്നും തുക പിടിക്കാന്‍ സന്നദ്ധത അറിയിച്ചു. ഇതില്‍ ശമ്പളത്തില്‍ നിന്ന് പിടിക്കാന്‍ സന്നദ്ധത അറിയിച്ചവരുടെ സാലറിയില്‍ നിന്നുതന്നെ തുക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റി. പക്ഷെ പിഎഫ്, ആര്‍ജിത അവധി തുടങ്ങിയവ പ്രോസസ്സ് ചെയ്യുന്നതിന് ജീവനക്കാരന്റെ അപേക്ഷയും ക്ലെയിമുകള്‍ പ്രോസസ്സ് ചെയ്യുന്നതിന് അനുമതിയും ആവശ്യമാണ്. പല ജീവനക്കാരും അനുമതി അപേക്ഷ നല്‍കാത്തതിനാല്‍ പ്രതീക്ഷിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ല. ഇതിന് പിന്നാലെയാണ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളവരുടേത് ഉള്‍പ്പടെ ക്ലെയിമുകള്‍ക്കുള്ള അപേക്ഷയായി കണക്കാക്കി മേയ് 31ന് ബില്ലുകള്‍ ജനറേറ്റ് ചെയ്യാന്‍ ഉത്തരവ് ഇറങ്ങിയത്.
ശമ്പളം പിടിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അഥവ ഡിഡിഒമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. സംഭാവന നല്‍കാന്‍ ജീവനക്കാര്‍ സന്നദ്ധത അറിയിച്ചിട്ടും തുടര്‍നടപടി സ്വീകരിക്കാത്ത ഡിഡിഒമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. അത്തരം ഡിഡിഒമാരുടെ ശമ്പള ബില്‍ സ്പാര്‍ക്കില്‍ തയ്യാറാക്കുന്നതിന് ബുദ്ധിമുട്ട് നേരിടാനിടയുണ്ടെന്നും ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.