സഞ്ചാരികളെത്തിത്തുടങ്ങി : വാകവനം വിൻഡി വാക്ക് പുനരാരംഭിച്ചു
ഉപ്പുതറ: സംരക്ഷണാധിഷ്ഠിത ട്രക്കിങ് പോഗ്രാം (വിൻഡി വാക്ക്) പുനരാരംഭിച്ചതോടെ വാകവനത്ത് സഞ്ചാരികളുടെ തിരക്കായി.
കോവിഡിനെ തുടർന്ന് ഒന്നര വർഷം മുൻപ് നിർത്തിവെച്ചിരുന്ന വിൻഡി വാക്ക് ആണ് കഴിഞ്ഞ ദിവസം വീണ്ടും തുടങ്ങിയത്. ഇടുക്കി വനം-വന്യജീവി വകുപ്പ് കുമരികുളം, കോതപാറ എന്നീ പ്രാദേശിക ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റികളുമായി സഹകരിച്ച് 2016 ജനുവരി 28-നാണ് വിൻഡി വാക്കിന് തുടക്കമിട്ടത്.
വാഗമൺ-ഉപ്പുതറ റൂട്ടിൽ കുമരികുളത്തുനിന്നാണ് വിൻഡി വാക്ക് തുടങ്ങുന്നത്. യാത്രയിൽ രസകരമായ വിശേഷങ്ങൾ പറഞ്ഞുതരാൻ വനം വകുപ്പ് ഉദ്യോഗസ്ഥരും ഗൈഡുകളും ഒപ്പമുണ്ടാകും. ചില്ലള്ളുമലയുടെ മുകളിലെത്തിയാൽ കുളിർമയുള്ള കാറ്റും ചുറ്റുപാടും വിസ്മയകരമായ കാഴ്ചകളും.
പുല്ലു വളർന്ന ചെറുകുന്നുകൾ, കുന്നുകൾക്കിടയിൽ ഹരിതവനം, കാട്ടുമൃഗങ്ങൾക്ക് വെള്ളം കുടിക്കാൻ മലയിടുക്കുകളിൽ ചെറുതടയണകൾ, ഇടുക്കി ജലാശയത്തിന്റെ വിദൂരദൃശ്യങ്ങൾ അങ്ങനെ വിൻഡിവാക്കിന് എത്തുന്ന വിനോദസഞ്ചാരികൾക്ക് വിസ്മയകരമായ കാഴ്ചകളാണ് വാകവനത്തെ ചില്ലള്ളുമല സമ്മാനിക്കുന്നത്.
ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വേങ്ങാനം, മുത്തുച്ചോല, ഇരുട്ടുകാനം തുടങ്ങിയ പ്രദേശത്തെ ഹരിതവനം, കുളമാവ്, അഞ്ചുരുളി, സീതക്കയം എന്നീ ഇടുക്കി അണക്കെട്ടിലെ ജലാശയഭാഗങ്ങൾ, കൂടാതെ, ആന, കേഴ, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളേയും കാണാം. ഇടുക്കി വൈൽഡ് ലൈഫ് സാങ്ച്വറിയിലെ ഉയരംകൂടിയ രണ്ടാമത്തെ മലയാണ് ചില്ലള്ള്. ഏറ്റവും ഉയരം കൂടിയ കിഴക്കിലേച്ചി മലയും ഇവിടെ നിന്നാൽ അടുത്തു കാണാം. ചില്ലള്ളുമലയിൽ വനം വകുപ്പിന് താമസസൗകര്യത്തോടുകൂടിയ വാച്ച് ടവറുമുണ്ട്.
കൂവലേറ്റത്ത് ഓഫീസും, ടിക്കറ്റ് കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെനിന്നു രണ്ടുകിലോമീറ്ററോളം വനത്തിലൂടെ നടന്നാൽ വനം വകുപ്പിന്റെ വാച്ച് ടവറിലെത്തും. വീണ്ടും കുന്നിൻമുകളിലൂടെ സഞ്ചരിച്ചാൽ ഇടുക്കി ജലാശയത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കാണാൻ കഴിയും. പുൽമേടുകളിൽ മേഞ്ഞുനടക്കുന്ന കാട്ടാനക്കൂട്ടവും ,
അപൂർവയിനം പക്ഷികളും വ്യത്യസ്തങ്ങളായ സസ്യങ്ങളും, ഇടതൂർന്നുനിൽക്കുന്ന വിവിധയിനം വൃക്ഷങ്ങളും സഞ്ചാരികൾക്ക് നവ്യാനുഭവമാകും.
വിദേശികളും ജില്ലയ്ക്കുപുറത്തുനിന്നുള്ളവരുമാണ് വിൻഡി വാക്കിന് എത്തുന്നവരിൽ ഭൂരിഭാഗവുമെന്ന് കിഴുകാനം സെക്ഷൻ ഫോറസ്റ്റർ വി.അനിൽകുമാർ പറഞ്ഞു.