വീണ വിജയനെതിരായ കേസ്; ‘മുഖ്യമന്ത്രിക്ക് പാര്‍ട്ടി പിന്തുണ നല്‍കും, ബിനോയ് വിശ്വം ഉത്കണ്ഠപെടേണ്ട കാര്യമില്ല’


വീണ വിജയനെതിരായ കേസില്‍ മുഖ്യമന്ത്രിക്ക് പാര്‍ട്ടി പിന്തുണ നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. വീണ വിജയന് കേസ് എങ്ങനെ കൈകാര്യം ചെയ്യാനറിയാം. ബിനോയ് വിശ്വം മുഖ്യമന്ത്രിയായിരുന്നാല്‍ അദ്ദേഹത്തെ മുന്നണി പിന്തുണക്കും. അതില്‍ അസൂയപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പി എം ശ്രീ പദ്ധതി പദ്ധതിയില്‍ വ്യത്യസ്ത അഭിപ്രായം ബിനോയ് വിശ്വം രേഖപ്പെടുത്തി. 1700 കോടി രൂപ ഉപേക്ഷിക്കണോ വേണ്ടയോ എന്നാണ് ചോദ്യം. കേന്ദ്രഫണ്ട് ആയതുകൊണ്ട് അത് വാങ്ങാതിരിക്കേണ്ട കാര്യമില്ല. പി എം ശ്രീ നടപ്പിലാക്കിയാലും ഇടതുപക്ഷത്തിന്റെ വിദ്യാഭ്യാസ നയത്തില്‍ നിന്ന് പിന്നോട്ട് പോകില്ല. 1500 കോടി രൂപ കിട്ടാനുണ്ട് എന്ന കാര്യയത്തില്‍ സംശയം ഉണ്ട് എന്ന് ബിനോയ് വിശ്വം പറഞ്ഞു. അദ്ദേഹം സമയം തന്നാല്‍ ഓഫീസില്‍ ചെന്ന് കണക്ക് ബോധ്യപ്പെടുത്തി നല്‍കാം. പി എം ശ്രീ വിഷയത്തില്‍ ഭിന്നത ഉണ്ടായിരുന്നില്ല. ചര്‍ച്ചചെയ്യണമെന്ന് എല്‍ഡിഎഫില്‍ പൊതു അഭിപ്രായമായിരുന്നു.
വിദ്യാഭ്യാസ വകുപ്പിലെ പി എം ഉഷാ പദ്ധതിയില്‍ ഒപ്പിട്ടുണ്ട്. ഇവിടെ എന്താണ് പ്രശ്‌നം എന്ന് അറിയില്ല. കേരള സര്‍ക്കാരിന് വിദ്യാഭ്യാസ വിഷയത്തില്‍ ഒരു നയമുണ്ട്. അതില്‍ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്‌നമില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ എന്ന് പറയാന്‍ പാടില്ല എന്നാണ് ബിനോയ് വിശ്വത്തിന്റെ കണ്ടെത്തല്‍. ബിനോയ് വിശ്വം മുഖ്യമന്ത്രിയായാലും അദ്ദേഹം നയിക്കുന്ന മുന്നണി എന്നാകും പറയാന്‍ പോകുന്നത്.
അതില്‍ അസൂയയുടെയും കുശുമ്പിന്റെയും കാര്യമില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.