ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പിൽ പ്രതിഷേധ സംഗമം


കട്ടപ്പന : ഹയർ സെക്കണ്ടറി വിദ്യാഭ്യാസമേഖലയെ ഇല്ലാതാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി ടിച്ചേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ക്യാമ്പിൽ പ്രതിഷേധ സംഗമം നടത്തി. ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക,സ്കൂൾ എകീകരണ നടപടികൾ അവസാനിപ്പിക്കുക തസ്തികകൾ ഇല്ലാതാക്കി അധ്യാപകരെ സ്ഥലം മാറ്റുന്ന നടപടികൾ അവസാനിപ്പിക്കുക ,പ്ലസ് വൺ പ്രവേശനത്തിലെ അനാവശ്യമായ സീറ്റ് വർദ്ധന ഒഴിവാക്കുക. ഒരു ബാച്ചിൽ പരമാവധി 50 കുട്ടികളെന്ന നിലവിലുള്ള നിയമം പാലിച്ച് പ്രവേശനം നടത്തുക,ഡി.എ, പേ റിവിഷൻ കുടിശികകൾ അനുവദിക്കുക, ശമ്പള കമ്മീഷനെ നിയമിക്കുക, കോൺട്രിബൂട്ടറി പെൻഷൻ സമ്പ്രദായം പിൻവലിക്കുക, എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, മൂല്യനിർണ്ണയവേതനം വർധിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ സംഗമം.
എച്ച് എസ് എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ശേഖർ എസ് ഉദ്ഘാടനം ചെയ്തു , നോബിൾ മാത്യു,രാജൻ തോമസ് , മാർട്ടിൻ ജോസഫ്, അജോ പി ജോസ്, സെസിൽ ജോസ് ,രാജൻ എം, അജേഷ് കെ.റ്റി എന്നിവർ പ്രസംഗിച്ചു