കോട്ടപ്പടിയിൽ കാട്ടാന വീണ് തകർന്ന കിണർ പുനർനിർമ്മിച്ചു നൽകി


കോട്ടപ്പടിയിൽ കാട്ടാന വീണ് തകർന്ന കിണർ പുനർനിർമ്മിച്ചു നൽകി.2024 ഏപ്രിൽ 12 പുലർച്ചെയാണ് കോട്ടപ്പടി മുട്ടത്തുപാറയ്ക്ക് സമീപം കൂലാഞ്ഞി വീട്ടിൽ പത്രോസിന്റെ വീടിന് സമീപമുള്ള പുരയിടത്തിലെ കിണറ്റിൽ കാട്ടാന വീഴുകയും കിണറിന് നാശം സംഭവിക്കുകയും ചെയ്തത്. തുടർന്ന് ആന്റണി ജോൺ എം എൽ എ യുടെ ഇടപെടലിന്റെ ഭാഗമായി തൊട്ടടുത്ത ദിവസം തന്നെ കിണറിന്റെ നല്ല നിലയിലുള്ള പുനരുധാരണത്തിന് ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 2,12,800 രൂപ അനുവദിച്ച് വർക്ക് ടെൻഡർ ചെയ്യുകയും ചെയ്തിരുന്നു .എന്നാൽ
കിണർ സ്ഥിതി ചെയ്തിരുന്ന പുരയിടത്തിലേക്ക് വഴി സൗകര്യം ഇല്ലാ എന്നുള്ളതുകൊണ്ട് വർക്ക് ഏറ്റെടുക്കാൻ ഒരു കരാറുകാരും തയ്യാറായിരുന്നില്ല. പിന്നീട് എം എൽ എ യും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും നിരന്തരമായി നടത്തിയ ഇടപെടലിനെ തുടർന്നാണ് ആറാമത് ടെൻഡർ സമയത്ത് ഒരു കരാറുകാരൻ വർക്ക് ഏറ്റെടുക്കുകയും ചെയ്തത് .ഇതിന്റെ തുടർച്ചയിൽ എഗ്രിമെന്റ് വച്ച് ഒട്ടും കാലതാമസം വരുത്താതെയാണ് ഇപ്പോൾ കിണറിന്റെ പുനർ നിർമ്മാണം പൂർത്തീകരിച്ചത്.പുനർ നിർമ്മിച്ച കിണറിന്റെ സമർപ്പണം ആന്റണി ജോൺ എം എൽ. എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ അജിൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാറാമ്മ ജോൺ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി സജീവ്, വാർഡ് മെമ്പർമ്മാരായ സന്തോഷ് അയ്യപ്പൻ, ശ്രീജ സന്തോഷ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ മെജോ ജോർജ് ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഷ്‌റഫ് പി എം, അഖിൽ സുധാകരൻ, ബിനിൽ വാവേലി,കൂലാഞ്ഞി വീട്ടിൽ പത്രോസും കുടുംബങ്ങളും, നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ സന്നിഹിതരായിരുന്നു . വർക്ക് ഏറ്റെടുത്ത് നല്ല നിലയിൽ പൂർത്തീകരിച്ച കരാറുകാരൻ അശോകൻ നായർ കെ ആർ നെ ആന്റണി ജോൺ എം എൽ എ ചടങ്ങിൽ ആദരിച്ചു.