പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്


2024- 2025 അധ്യയന വർഷത്തിലെ, മധ്യവേനലവധിയ്ക്ക് സ്കൂൾ അടയ്ക്കുവാനായി 28.03.2025 നാണ് നിശ്ചയിച്ചിട്ടുള്ളത്. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷ മാർച്ച് 27 നും, SSLC പരീക്ഷ മാർച്ച് 26 നും. ഹയർസെക്കൻഡറി/ വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും അവസാനിക്കുന്നതാണ്. വാർഷിക പരീക്ഷകൾ തീരുന്ന ദിവസം സ്കൂളുകളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതായും പലപ്പോഴും ഇത്തരം ആഘോഷങ്ങൾ അതിരുകടന്നു അക്രമ സംഭവങ്ങൾ ഉണ്ടാകുന്നതായും മുൻ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രുപ്പുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് ഉപയോഗം, ലഹരി വസ്തുക്കൾ പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ വില്പന, നിയമവിരുദ്ധമോ അധാർമ്മികമോ ആയ മറ്റു പ്രവർത്തനങ്ങൾ എന്നിവ നടക്കുന്നത് തടയുക, സ്കൂൾ പരിസരത്ത് ഗതാഗത സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ പ്രധാന ഉദ്ദേശം. സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന പല പ്രശ്നങ്ങളും പോലീസിൽ അറിയിക്കാതെ അവിടെ തന്നെ തീർപ്പാക്കുകയാണ് ചെയ്യുന്നത് . പിന്നീട് വലിയ പ്രശ്നങ്ങൾ ആയി മാറുമ്പോൾ മാത്രമാണ് ഇത്തരം കാര്യങ്ങൾ പോലീസ് സ്റ്റേഷനുകളിൽ അറിയിക്കുന്നത്.
മേൽ സാഹചര്യത്തിൽ ഇക്കൊല്ലം ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിലേക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നമ്പർ DGE/25412/2024-QIP1 പ്രകാരം ചുവടെ പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതാണ്.
- പരീക്ഷ തീരുന്ന ദിവസം/ മധ്യവേനലവധിയ്ക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം സ്കൂളുകളിൽ ആഘോഷങ്ങൾ ഒന്നും നടത്തുവാൻ പാടുള്ളതല്ല.
- പരീക്ഷ കഴിഞ്ഞു ഇറങ്ങുന്ന വിദ്യാർഥികൾ മേൽപ്പറഞ്ഞ വിധത്തിലുള്ള ഏതെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടുന്നില്ല എന്നത് അധ്യാപകർ ഉറപ്പാക്കേണ്ടതാണ്.
- പരീക്ഷ തീരുന്ന ദിവസം! മധ്യവേനലവധിയ്ക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം കുട്ടികളെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടു പോകുന്നതിന് രക്ഷകർത്താക്കളുടെ സഹകരണം ഉറപ്പുവരുത്തേണ്ടതാണ്.
- പരീക്ഷ തിരുന്ന ദിവസം/ മധ്യവേനലവധിയ്ക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം സ്കൂൾ ക്യാമ്പസിനു പുറത്ത് പോലീസിന്റെ സഹായം തേടാവുന്നതാണ്.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ അധ്യാപകരെയും, രക്ഷകർത്താക്കളെയും വിദ്യാർത്ഥികളെയും ഒരുമിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെ ക്യാമ്പസ് ബീറ്റ്സ് എന്ന പേരിൽ ഒരു പുതിയ പദ്ധതി ഇടുക്കി ജില്ല പോലീസ് 2025 ജനുവരി മാസം മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതാണ്. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധിയിലുമുള്ള ഓരോ സ്കൂളുകളുടെയും കോളേജുകളുടെയും ചുമതല ഓരോ പോലീസ് ഉദ്യോഗസ്ഥർക്കു നൽകിയിട്ടുള്ളതാണ്. ടി ഉദ്യോഗസ്ഥർ ഇടയ്ക്കിടെ സ്കൂളുകളിൽ സന്ദർശനം നടത്തുകയും അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും പോലീസിന്റെ ഭാഗത്തു നിന്നുമുള്ള സേവനം ഉറപ്പുവരുത്തുകയും ചെയ്യുന്നു.