കരാറുകാരന്റെ ആത്മഹത്യാഭീഷണി; ഫണ്ട് തടഞ്ഞുവച്ചതല്ല കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
ചെറുതോണി∙ ജില്ലാ പഞ്ചായത്ത് ഫണ്ട് തടഞ്ഞുവച്ചതിനെ തുടർന്നാണ് മറയൂരിൽ സ്കൂൾ കെട്ടിട നിർമാണ കരാറുകാരൻ ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്. ദേവികുളം എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട്, നബാർഡ് ധനസഹായം എന്നിവ വിനിയോഗിച്ച് ജില്ലാ പഞ്ചായത്ത്, സർക്കാർ അംഗീകൃത ഏജൻസിയായ വാപ്‌കോസ് മുഖേന നടത്തുന്ന പദ്ധതിയാണിത്.
പ്രവൃത്തിയുടെ ബിൽ ലഭിക്കുന്ന മുറയ്ക്ക് നബാർഡിൽ സമർപ്പിക്കുകയും നബാർഡിൽനിന്ന് തുക ലഭിക്കുമ്പോൾ കരാറുകാരന് നൽകുകയുമാണ് ചെയ്യുന്നത്. ഈ പ്രവൃത്തിയുടെ 62,36,877 രൂപയുടെ പാർട്ട് ബിൽ നബാർഡിൽ സമർപ്പിക്കുകയും 9,90,000 രൂപ ജൂൺ മാസത്തിൽ അനുവദിക്കുകയും തുക ട്രഷറിയിൽനിന്ന് ജില്ലാ പഞ്ചായത്ത് അക്കൗണ്ടിലേക്ക് മാറ്റി കരാറുകാരന് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ സാങ്കേതിക കാരണങ്ങളാൽ കരാറുകാരന് തുക നൽകുന്നതിനായി കൺസൽറ്റന്റ് സ്ഥാപനം മുഖേന റജിസ്ട്രേഷൻ നടപടികൾ സ്വീകരിക്കുകയും വിവരം കരാറുകാരനെ അറിയിക്കുകയും ചെയ്തിരുന്നു. ഇത് പ്രകാരം വാപ്‌കോസിൽനിന്ന് കരാർ എടുത്തിട്ടുള്ള റോയി ജോസഫിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ബിൽ തുക കൈമാറുകയും ചെയ്തിട്ടുണ്ട്. പ്രസന്നൻ എന്നയാളുമായി ജില്ലാ പഞ്ചായത്തിന് യാതൊരു വിധ കരാറുകളോ ഇടപാടുകളോ ഇല്ലെന്നും പ്രസിഡന്റ് പറഞ്ഞു.
ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രസന്നൻ പറയുന്നു…
റോയി ജോസഫ് എന്ന വ്യക്തിയുടെ പേരിലാണ് കരാർ എന്നത് സത്യമാണ്. അദ്ദേഹത്തിന്റെ സബ് കോൺട്രാക്ടാണ് ഞാൻ എടുത്തത്. ബിൽ പാസാക്കാതിരിക്കാൻ അത് കാരണമല്ലല്ലോ. സ്വന്തം കയ്യിൽനിന്നു പണം മുടക്കിയാണു പണി പൂർത്തീകരിച്ചത്. റോയി ജോസഫിന്റെ പേരിലുള്ള ബിൽ പാസാക്കാൻ ജില്ലാ പഞ്ചായത്തിൽ പലതവണ നേരിട്ട് എത്തുകയും ചെയ്തു.