ഏലപ്പൂവ് എന്ന കഥ കാവ്യ പുസ്തകം പ്രകാശിതമായി. ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹൻകുമാർ പ്രകാശനം നിർവഹിച്ചു. സിസ്റ്റർ ജെസ്സി ജോസഫ് ഏറ്റുവാങ്ങി.


രാജകുമാരി മേഖലയിൽ നിന്നുമുള്ള എട്ടുപേരുടെ കഥകളും കവിതകളും ഉൾപ്പെടുത്തിക്കൊണ്ട് പ്രസിദ്ധീകരിച്ച ഏലപ്പൂവ് എന്ന പുസ്തകം പ്രകാശനം ചെയ്തു. കോതമംഗലത്തെ ക്രിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകം എഡിറ്റ് ചെയ്തത് ജിജോ രാജകുമാരിയാണ്. ഇടുക്കിയിലെ കർഷകർക്ക് സമർപ്പിച്ച പുസ്തകത്തിൽ കഥകളും കവിതകളും എഴുതിയിട്ടുള്ളവർ നിരന്തരം കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. കൃഷിയെയും സാഹിത്യത്തെയും സ്നേഹിക്കുന്നവരെ ഉൾപ്പെടുത്തിക്കൊണ്ട് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശന കർമ്മം നടുമറ്റം പ്രണവം വായനശാലയിൽ വച്ച് ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹൻകുമാർ നിർവഹിച്ചു. മുരുക്കുംതൊട്ടി മാർ മാത്യൂസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജെസ്സി ജോസഫ് പുസ്തകം ഏറ്റുവാങ്ങി. കഥാകൃത്ത് ഗിരീഷ് പന്താക്കൽ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു എഴുത്തുകാരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ജെ സിജു, റഫീഖ് അടിമാലി, എം പി ജോയ് , റൂഫസ് മാത്യു, പ്രിയ സുരേഷ്, സിജു തൊട്ടിക്കുന്നേൽ , എബി ടോബി, രഞ്ജിനി സുരേഷ്, ലൗലജൻ തോമസ് , ഡിബി കാച്ചപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.