ജില്ലയിലെ ബാങ്കുകൾ 7841.69 കോടി രൂപ വായ്പ നൽകും;പദ്ധതി രൂപരേഖ കളക്ടർ പ്രകാശനം ചെയ്തു


ചെറുതോണി : 2021-2022 സാമ്പത്തിക വർഷത്തേക്കുള്ള ജില്ലയിലെ ബാങ്കുകൾക്കുള്ള വായ്പ പദ്ധതി രൂപരേഖ കളക്ടർ ഷീബാ ജോർജ് പ്രകാശനം ചെയ്തു. പദ്ധതിയുടെ ഡിജിറ്റൽ പതിപ്പും പുറത്തിറക്കി. നബാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ അജീഷ് ബാലു, ജില്ലാ ലീഡ് ഡിസ്ട്രിക്ട് മാനേജർ ജി.രാജഗോപാലൻ എന്നിവർ ചേർന്നാണ് പദ്ധതി രൂപരേഖ കൈമാറിയത്.
പദ്ധതിപ്രകാരം നടപ്പ് സാമ്പത്തികവർഷം ജില്ലയിലെ ബാങ്കുകൾ 7841.69 കോടി രൂപ നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് ശതമാനം കൂടുതലാണ്. കാർഷിക മേഖലയ്ക്ക് 4290.34 കോടിയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് 707.50 കോടി രൂപയും ഭവന, വിദ്യാഭ്യാസ വായ്പ ഉൾപ്പെട്ട ഇതര മുൻഗണനാ വിഭാഗത്തിന് 1770.45 കോടി രൂപയും ഉൾപ്പെടെ ആകെ മുൻഗണന വിഭാഗത്തിൽ 6768.29 കോടി രൂപ വായ്പ നൽകും.
മുൻഗണനേതര വിഭാഗത്തിന് 1073.40 കോടി രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്.
2021 മാർച്ച് മാസത്തെ കണക്കനുസരിച്ച് ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 9455.10 കോടി രൂപയും മൊത്തം വായ്പ 12,307.19 കോടി രൂപയുമാണ്. ജില്ലയിലെ വായ്പാ-നിക്ഷേപ അനുപാതം 130.16% എന്നത് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ശരാശരിയാണ്. വഴിയോര കച്ചവടക്കാർക്കുള്ള പി.എം.സ്വാനിധി പദ്ധതിയുടെ രണ്ടാം ഘട്ടം വായ്പ ആരംഭിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ കാർഷികരംഗത്തിന്റെ അഭിവൃദ്ധിക്കായി കൂടുതൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്.പി.ഒ.) രൂപവത്‌കരിക്കാനും കൂടാതെ നബാർഡ് മുഖാന്തരം നടപ്പാക്കുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയായ അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഉപയോഗപ്പെടുത്തി കാർഷിക സംഭരണകേന്ദ്രങ്ങൾ നിർമിക്കാനുള്ള വായ്പാപദ്ധതികളുടെ നടപടികളും പുരോഗമിക്കുകയാണ്.