അതിർത്തിയിൽ കേരള-തമിഴ്‌നാട് സംയുക്ത പരിശോധന ശക്തമാക്കും;ഓണത്തോടനുബന്ധിച്ച് 24 മണിക്കൂറും പരിശോധന
കുമളി : ഓണത്തിനോടനുബന്ധിച്ച് തമിഴ്‌നാട്ടിൽനിന്ന് സംസ്ഥാനത്തേക്ക് ലഹരി ഒഴുക്കിനുള്ള സാധ്യത കണക്കിലെടുത്ത് കർശന പരിശോധനയ്‌ക്കൊരുങ്ങി ഇരു സംസ്ഥാനങ്ങളും.
കേരള-തമിഴ്‌നാട് സംയുക്തമായിട്ട് 24 മണിക്കൂറും പരിശോധന നടത്താനാണ് പദ്ധതി. പോലീസ്, വനംവകുപ്പ്, എക്‌സൈസ് വകുപ്പുകൾ രണ്ട് സംസ്ഥാനത്തെയും കൈകോർക്കുന്നതോടെ ചെക്ക്‌പോസ്റ്റുകൾ വഴിയുള്ള ലഹരിക്കടത്ത് പൂർണമായും തടയനാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും.
കാനനപാതകൾ പൂട്ടും
കേരള-തമിഴ്‌നാട് അതിർത്തിപ്രദേശങ്ങളായ കുമളി, റോസാപ്പുകണ്ടം, രണ്ടാംമൈൽ പാണ്ടിക്കുഴി കാനനപാതകൾ വഴി ലഹരിക്കടത്ത് സുലഭമാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ ഈ മേഖലകളിൽ മുഴുവൻസമയവും വിവിധ വകുപ്പുകളുടെ നിരീക്ഷണമേർപ്പെടുത്താനാണ് നീക്കം.
കൂടാതെ വനമേഖലകളിൽ വ്യാജമദ്യനിർമാണം ഓണക്കാലത്ത് കൂടുവാനുള്ള സാധ്യത കണക്കിലെടുത്ത് രണ്ട് സംസ്ഥാനത്തിന്റെയും എക്‌സൈസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള പരിശോധനകൾ വരും ദിവസങ്ങളിൽ ശക്തമാക്കും.
പരിശോധന നിർബന്ധം
തമിഴ്‌നാട്ടിൽനിന്ന് അതിർത്തി കടന്നെത്തുന്ന പച്ചക്കറി വാഹനങ്ങൾക്ക് മുമ്പ് പൊതുവേ ചെക്ക്‌പോസ്റ്റിൽ പരിശോധനകൾ പരിമിതമായിരുന്നു. എന്നാൽ ജൂൺ മാസത്തിൽ തുടർച്ചയായ ദിവസങ്ങളിൽ പച്ചക്കറി വാഹനത്തിൽ കടത്താൻ ശ്രമിച്ച പത്ത് കിലോയോളം കഞ്ചാവ് കണ്ടെത്തിയതോടെ ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങൾക്കും കർശനമായ പരിശോധന ഏർപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ തമിഴ്‌നാട്ടിലെ ഗോഡൗണുകളിൽനിന്നു സാധനങ്ങൾ കയറ്റുന്ന ഡ്രൈവർമാരെ വിളിച്ചുചേർത്ത് യോഗം കൂടുന്നതിനൊപ്പം മദ്യം ഉൾപ്പെടെയുള്ളവ അതിർത്തി കടത്തിയാൽ ലൈസൻസ് ഉൾപ്പെടെയുള്ളവ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന താക്കീത് നൽകി.
കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കിയിരിക്കുന്നതിനാൽ ചെക്ക്‌പോസ്റ്റ് കടന്നെത്തുന്ന വാഹനങ്ങളുടെ എണ്ണത്തിൽ ഇപ്പോൾ കുറവുണ്ടെങ്കിലും ഓണത്തോടടുക്കുമ്പോൾ തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്ത് അതിർത്തിയിൽ കൂടുതൽ ഉദ്യോഗസ്ഥരെയും വിന്യസിക്കും.
പിടികിട്ടാപ്പുള്ളികളെ കണ്ടെത്തും
കഞ്ചാവ്, വ്യാജമദ്യ നിർമാണം തുടങ്ങിയ കേസുകളിൽ കേരളത്തിൽനിന്നു തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുന്നവരെയും തമിഴ്‌നാട്ടിൽ കേസുണ്ടായിട്ട് കേരളത്തിൽ ഒളിവിൽ കഴിയുന്നവരുടെയും പട്ടികയുണ്ടാക്കി ഇരുസംസ്ഥാനങ്ങളും കൈമാറും.
തുടർന്ന് ഇവരെ കണ്ടെത്താനുള്ള നടപടിയും ഇതോടൊപ്പം കൊണ്ടുപോകാനാണ് നീക്കം.
തേക്കടി ബാംബുഗ്രോവിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പി.എ. സലിം, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ അബു എബ്രഹാം, തേനി എ.ഡി.എസ്.പി. രാജേന്ദ്രൻ, ഉത്തമപാളയം എ.എസ്.പി. ഉമാദേവി, എക്‌സൈസ്, വനംവകുപ്പ്, പോലീസ്, എൻ.ഐ.ബി. ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.